pakstan

ന്യൂയോർക്ക് : 2008 മുംബയ് ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളും ലഷ്‌‌കറെ ത്വയിബ ഓപ്പറേഷൻ കമാൻഡറുമായ സാകി ഉർ റഹ്മാൻ ലാഖ്വി ഉൾപ്പെടെ 1,800 ഭീകരരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി പാകിസ്ഥാൻ. രാജ്യാന്തര സാമ്പത്തിക ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ പുതിയ വിവര ശേഖരണം നടക്കാനിരിക്കെയാണ് പാകിസ്ഥാൻ ഭീകരരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്ന് യു.എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

പാകിസ്ഥാനിലെ നാഷണൽ കൗണ്ടർ ടെററിസം സെക്യൂരിറ്റി അതോറിറ്റിയാണ് ഭീകരരുടെ നിരീക്ഷണ പട്ടിക തയാറാക്കുന്നത്. ഭീകരർക്ക് ധനസഹായങ്ങൾ ലഭിക്കാതിരിക്കാനാണ് ഈ പട്ടിക തയാറാക്കുന്നത്. 2018ലെ നിരീക്ഷണ പട്ടികയിൽ 7,600 പേരുണ്ടായിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ ഇത് 3,800 ആയി ചരുങ്ങിയതായും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസ്റ്റെല്ലം എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് മുതൽ ഏകദേശം 1,800 പേരെയാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇങ്ങനെ നീക്കം ചെയ്യപ്പെട്ടിരിക്കുന്ന തീവ്രവാദികൾക്ക് ഇനി സാമ്പത്തിക സഹായം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. മുമ്പ് ഭീകരർക്ക് വഴിവിട്ട് ധനസഹായം നൽകുന്നതിന് പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്കുള്ള മറുപടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാകിസ്ഥാനെ ' ഗ്രേ ' പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ജൂണിലാണ് ഇനി വീണ്ടും പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് വിലയിരുത്തുന്നത്. ഭീകരരെ സഹായിക്കുന്ന നിലപാട് വീണ്ടും സ്വീകരിച്ചിരിക്കുന്നത് പാകിസ്ഥാന് തിരിച്ചടിയാകും. ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ സാമ്പത്തിക സഹായം നൽകുന്നുവെന്ന് തെളിഞ്ഞതോടെയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത് തുടരുകയാണെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.