lock-down-

ന്യൂഡൽഹി: തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ മേയ് പതിനഞ്ച് വരെ തുടർന്നേക്കുമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ വൃത്തങ്ങൾ. രോഗവ്യാപനം തടഞ്ഞുനിർത്താനായ മേഖലകളിൽ മെയ് മൂന്നിന് ശേഷം ബസ് സർവ്വീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

നാൽപ്പത് ദിവസത്തെ ദേശീയ ലോക്ക്ഡൗൺ മേയ് മൂന്നിന് പൂർത്തിയാകും.

രോഗബാധ കൂടുതൽ കാണുന്ന ഡൽഹി, മുംബയ് ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ മേയ് പതിനഞ്ചു വരെയെങ്കിലും തുടർന്നേക്കും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.ട്രെയിൻ, വിമാന സർവീസുകൾ മെയ് 3-ന് ശേഷം തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകളും വിമാനസർവീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ
ഒന്നിനു ശേഷമേ ആലോചിക്കൂ.

ജില്ലകൾക്കുള്ളിലും നഗരങ്ങൾക്കുള്ളിലും ബസ് സർവീസുകൾ മെയ് 3-ന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്. മാസ്കുകൾ നിർബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്കുകൾ നിർബന്ധമാക്കാനാണ് തീരുമാനം.

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണം തത്ക്കാലം പിൻവലിക്കില്ല. കൂടുതൽ വ്യവസായശാലകളും കടകളും തുറക്കാൻ മെയ് 3-ന് ശേഷം അനുമതി നല്കും എന്നാണ് സൂചന.