rahul-gandhi

ന്യൂഡൽഹി: പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകൾ ശുചീകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. എഫ്‌.സി.ഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച് എഥനോൾ ഉത്പാദിപ്പിക്കുകയും അതുപയോഗിച്ച് ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം പുറത്തുവന്നതിന് തൊട്ടപിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. എപ്പോഴാണ് ഇന്ത്യയിലെ പാവപ്പെട്ടവർ ഉണർന്നെണീക്കുക? നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുമ്പോൾ അവർ നിങ്ങൾക്കുള്ള അരിയെടുത്ത്‌ സമ്പന്നർക്കായി ഹാൻഡ് സൈനിറ്റൈസറുകൾ നിർമിക്കുകയാണ്- രാഹുൽ ട്വിറ്ററിലൂടെപറഞ്ഞു.


കൊവിഡ് കാരണം സാനിറ്റൈസറിന്റെ ഉപയോഗം കൂടിയതോടെയാണ് ഭക്ഷ്യധാന്യം ഉപയോഗിച്ച് എഥനോൾ നിർമിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏറെപ്പേർ ആഹാരമില്ലാതെ വിഷമിക്കുന്ന അവസരത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപകവിമർശനമാണ് ഉയർന്നത്. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ എഥനോൾ ആയി മാറ്റാൻ 2018 ലെ ദേശീയ ബയോഫ്യുവൽ നയം അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. അരിയും ഗോതമ്പും ഉൾപ്പെടെ രാജ്യത്ത് 58.59 മില്ല്യൺ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.രാജ്യത്തെ മൊത്തം ജനങ്ങൾക്കുള്ള കരുതൽശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.