തിരുവനന്തപുരം: വെള്ളായണിയിലെ വീട്ടിൽ പാട്ട് പരിശീലനവും സിനിമ കാണലുമായി ലോക്ക് ഡൗൺ ദിനങ്ങൾ ആനന്ദകരമാക്കുകയാണ് നടൻ സെന്തിൽ കൃഷ്ണ. വർഷങ്ങൾക്ക് ശേഷം ഇത്രയധികം ദിവസങ്ങൾ തുടർച്ചയായി വീട്ടിൽ ചെലവഴിക്കുന്നത് ആദ്യമാണ്. പഴയ സിനിമകൾ തപ്പിപ്പിടിച്ച് കാണുന്നതാണ് പ്രധാന വിനോദമെന്ന് 'ചാലക്കുടിക്കാരൻ ചങ്ങാതി' യിലൂടെ മലയാളിയുടെ ഇഷ്ടതാരമായി മാറിയ സെന്തിൽ പറയുന്നു. പാചകവും പുതുരുചികൾ പരീക്ഷിക്കുന്നതും ട്രെൻഡാണെങ്കിലും അടുക്കളയിൽ കയറിയുള്ള പരീക്ഷണത്തിനൊന്നും ഇതുവരെ മുതിർന്നിട്ടില്ല. അമ്മയുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കും. വായനയും ലോക്ക്ഡൗൺ ദിവസങ്ങളിൽ സെന്തിലിന്റെ ഒപ്പമുണ്ട്. ആസിഫലി നായകനാകുന്ന 'കുറ്റവും ശിക്ഷയും' എന്ന സിനിമയുടെ രാജസ്ഥാനിലെ ലൊക്കേഷനിൽ നിന്നാണ് ലോക്ക് ഡൗണിന് രണ്ടു ദിവസം മുമ്പ് സെന്തിൽ നാട്ടിലെത്തിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്ളാൻ ചെയ്‌തിരുന്ന സ്റ്റേജ് ഷോകളെല്ലാം കൊവിഡ് കാരണം മാറ്റിവച്ചു. സിനിമയിലെ സുഹൃത്തുക്കളെല്ലാം ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. കാണേണ്ട സിനിമകൾ നിർദ്ദേശിക്കുന്നതും സുഹൃത്തുക്കളാണ്. സ്റ്റേജ് ഷോകൾക്ക് വേണ്ടിയുള്ള പാട്ട്, മിമിക്രി പരിശീലനത്തിനും ഈ സമയം ഉപയോഗപ്പെടുത്തും. സെന്തിലിന്റെ ഭാര്യ അഖില കോഴിക്കോട്ടെ വീട്ടിലാണുള്ളത്. ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന പുതിയ അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.