തിരുവനന്തപുരം: ആൾത്തിരക്കൊഴിവാക്കാനും മത്സ്യക്കച്ചവടക്കാർക്ക് മത്സ്യലഭ്യത ഉറപ്പാക്കാനുമെടുത്ത നടപടിയെ തകർക്കാനാണ് മത്സ്യഫെഡ് മീൻ വാങ്ങിക്കൂട്ടുന്നുവെന്ന കുപ്രചരണം അഴിച്ചുവിടുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രസ്താവിച്ചു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഹാർബറുകളിലെ പരസ്യലേലം ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമായത്. പകരം ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ മത്സ്യത്തിന്റെ ഒരാഴ്ചയിലെ ശരാശരി വില കണക്കാക്കി ഓരോ ദിവസത്തെയും വില നിശ്ചയിക്കുന്ന രീതി കൊണ്ടുവന്നു. സ്ത്രീകൾക്ക് മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് മത്സ്യമെത്തിക്കുന്നു. സർക്കാർ നിബന്ധനകൾക്ക് വിധേയമായാണ് എല്ലാ ജില്ലകളിലും വില്പന. ഈ രീതി വഴി ദിവസത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തൊഴിലാളിക്ക് ഒരേ വില ലഭ്യമാക്കാനാകുന്നു. ഇടത്തട്ടുകാരുടെ ലാഭക്കൊതിയും വാങ്ങുന്നവരുമായുള്ള ഒത്തുകളിയും കാരണം പലപ്പോഴും ആദ്യവിലയുടെ പകുതിയിൽ താഴെ മാത്രം തൊഴിലാളിക്ക് ലഭിക്കുന്ന സ്ഥിതി മാറി. പുതിയ സാഹചര്യം ഇടത്തട്ടുകാർക്ക് വരുമാനനഷ്ടമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം. അവസാനമെത്തുന്ന വള്ളങ്ങളിലെ മീൻ വാങ്ങാൻ കച്ചവടക്കാരില്ലാതെ വന്നാലേ മത്സ്യഫെഡ് ഇടപെടുന്നുള്ളൂ. വിഴിഞ്ഞം ഹാർബറുമായി ബന്ധപ്പെട്ട നിക്ഷിപ്ത താല്പര്യക്കാരാണ് കുപ്രചരണത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.