തിരുവനന്തപുരം: അവശേഷിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയ് രണ്ടാം വാരത്തിൽ നടത്താൻ ധാരണ. മേയ് മൂന്നിന് ലോക്ക്‌ഡൗൺ പിൻവലിച്ച ശേഷം 10 ദിവസം വരെ ഇടവേള നൽകിയാവും പരീക്ഷ.
ഈ കാലയളവിൽ അണുനശീകരണം ഉൾപ്പെടെ നടത്തി സ്കൂളുകൾ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ ക്യു.ഐ.പി ഓഡിയോ മീറ്റിംഗിൽ തീരുമാനിച്ചു. സംസ്ഥാനത്ത് ഏതെല്ലാം പ്രദേശങ്ങളിൽ കൊവിഡ് ഹോട്ട് സ്പോട്ടുകളുണ്ടെന്നതും ഗൾഫിലും ലക്ഷദ്വീപിലും ലോക്ക്‌ഡൗൺ നിലവിലുണ്ടെങ്കിൽ അതും പരിഗണിച്ചാവും പരീക്ഷാ തീയതികൾ നിശ്ചയിക്കുക.
എസ്.എസ്.എൽ.സി പരീക്ഷ രാവിലെയും പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഉച്ചയ്ക്കുശേഷവുമായിരിക്കും. പ്ലസ് വൺ പരീക്ഷ പിന്നീട് നടത്തും. ആദ്യ ഘട്ടത്തിൽ മൂന്നു വിഭാഗം പരീക്ഷകളും ഒരേ സമയത്തായിരുന്നതിനാൽ, 12 ലക്ഷം കുട്ടികൾ രാവിലെ സ്കൂളുകളിലെത്തിയിരുന്നു. പുതിയ ക്രമീകരണമനുസരിച്ച് 4 ലക്ഷം കുട്ടികളേ ഒരു നേരം എത്തൂ. എസ്.എസ്.എൽ.സിക്ക് മൂന്നും ഹയർ സെക്കൻഡറിക്ക് നാലും വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. പരീക്ഷാ സെന്ററുകളിൽ കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സ്വീകരിക്കും. ഡി.എൽ.എഡ് ഉൾപ്പെടെ ഇതര പരീക്ഷകളും ലോക്ക്ഡൗണിനുശേഷം നടത്തും.
മൂല്യനിർണയം
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ഉണ്ടാകും. അദ്ധ്യാപകർക്ക് വീടിനു സമീപമുള്ള മൂല്യനിർണയ കേന്ദ്രത്തിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കും.