വർക്കല:വിവാഹനാളിൽ വർക്കല സ്റ്റേഷനിലെ പൊലീസുകാർക്ക് സദ്യയൊരുക്കി വധൂവരന്മാർ .കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വർക്കല ഹോട്ട് സ്പോട്ടായതിനാൽ വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹചടങ്ങ്.
വർക്കല ന്യൂ സ്റ്റുഡിയോ ഉടമ വിജയ പ്രകാശൻ പിള്ളയുടെ മകൾ ആര്യയും ,വർക്കല വാച്ചർമുക്ക് ഉദയത്തിൽ ഉദയന്റെ മകൻ വിവേകുമാണ് തിങ്കളാഴ്ച വിവാഹിതരായത്.വധൂഗൃഹത്തിൽവച്ചായിരുന്നു വിവാഹം. മഹാമാരിക്കാലത്ത് രാപകലില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിൽ സദ്യ വിളമ്പിക്കൊണ്ടാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.
നവദമ്പതിമാർക്ക് ആശംസ നേർന്നുകൊണ്ട് പൊലീസ് ഒരുക്കിയ കേക്കുമുറിച്ച് മധുരം നുകർന്ന് നവദമ്പതികൾ മടങ്ങി.