തിരുവനന്തപുരം: മാലിന്യം നിറച്ച് ഭൂമിയെ നശിപ്പിക്കാൻ ശ്രമിച്ചതിന് മാപ്പു പറഞ്ഞ് മനുഷ്യൻ ഇന്ന് ലോക ഭൗമദിനം ആചരിക്കുന്നു. കൊവിഡ് ഭീതിയിൽ നാടും നഗരവും വീടും അടച്ചുപൂട്ടി ലോകമാകെ ലോക്ക് ഡൗണിൽ ഇരുന്നപ്പോൾ രക്ഷപ്പെട്ടത് ഭൂമിയാണ്. മൂന്നു തരത്തിലാണ് ആ നേട്ടം.അന്തരീക്ഷ മലിനീകരണ തോത് കുത്തനെ കുറഞ്ഞു, ഒാസോൺപാളി മെച്ചപ്പെട്ടു, ഭൂവൽക്കത്തിലെ ചലനങ്ങളുടെ തോത് 30 ശതമാനം കുറഞ്ഞു. ഫലം, ഭൂമിയുടെ ആയുസ് അല്പം കൂടി നീട്ടിക്കിട്ടി!
ലോക്ക് ഡൗണിൽ വാഹനങ്ങൾ പുറത്തിറങ്ങാതിരുന്നതും വ്യവസായ, നിർമ്മാണ മേഖലകൾ നിശ്ചലമായതും തീകത്തിക്കൽ കുറഞ്ഞതുമാണ് മലിനീകരണം കുറച്ചത്. രാജ്യത്തെ 88 നഗരങ്ങളിൽ തിരുവനന്തപുരം ഉൾപ്പടെ 23 നഗരങ്ങളിൽ മലിനീകരണ തോത് സുരക്ഷിതമായ 50 പോയിന്റിൽ താഴെയെത്തി. ശേഷിക്കുന്ന 65 ഇടങ്ങളിൽ തൃപ്തികരം. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്)
50 ൽ താഴെ– മലിനീകരണം ഇല്ല
50–100 – തൃപ്തികരം (ചെറിയ ശ്വാസതടസ്സത്തിനു സാധ്യത)
100– 200 – മോഡറേറ്റ് (ശ്വാസതടസ്സം, പ്രത്യേകിച്ച് ആസ്‌ത്‌മ, ഹൃദ്രോഗം ഉള്ളവർക്ക്)
200– 300 – മോശം (ശ്വാസതടസ്സം)
300– 400– വളരെ മോശം (ശ്വാസകോശ രോഗങ്ങൾക്ക് സാധ്യത)
400 നു മുകളിൽ – രൂക്ഷം (ആരോഗ്യത്തെ ബാധിക്കുന്ന നില)