ഭുവനേശ്വർ: കൊവിഡ് കാലത്തെ ഹീറോകളും രക്ഷകരും ആരാണ്. സംശയമില്ലാതെ എല്ലാവരും ഒരുമിച്ച് പറയും ആരോഗ്യ പ്രവർത്തകരെന്ന്. സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് അവർ നടത്തുന്ന പാേരാട്ടം കണ്ണ് തുറന്ന് കണ്ടിരിക്കുകയാണ് ഒഡീഷ സർക്കാർ.
കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. പൊതു, സ്വകാര്യമേഖല എന്നീ വ്യത്യാസമില്ലാതെ എല്ലാ ആരോഗ്യപ്രവർത്തകർക്കും ധനസഹായം നൽകും.
മരിക്കുന്ന ആരോഗ്യ പ്രവർത്തകരെ രക്തസാക്ഷികളായാണ് കാണുന്നത്. അവർക്ക് സംസ്ഥാന ബഹുമതികളോടെ അന്ത്യോപചാരം അർപ്പിക്കും. അവരുടെ ത്യാഗസന്നദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമായി അവരുടെ പേരിൽ അവാർഡുകൾ പ്രഖ്യാപിക്കുമെന്നും ദേശീയ ദിനത്തിൽ ഇവരെ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അവർ വിരമിക്കുന്നതുവരെയുള്ള ശമ്പളം നൽകുമെന്നും അദ്ദേഹം പറഞ്ഞു.