സിംഗപ്പൂർ: കൊവിഡിനെതിരെ തുടരുന്ന ഭാഗിക ലോക്ക്ഡൗൺ സിംഗപ്പൂരിൽ ജൂൺ 1 വരെ തുടരും. മേയ് നാല് വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ നിശ്ചയിച്ചിരുന്നത്. സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. 9,125 പേർക്കാണ് സിംഗപ്പൂരിൽ ഇതേ വരെ കൊവിഡ് സ്ഥിരീകരിച്ചത്. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സിംഗപ്പൂരിലാണ്.
കഴിഞ്ഞ ദിവസം 1,426 പുതിയ കൊവിഡ് കേസുകളാണ് ഒറ്റയടിയ്ക്ക് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. സിംഗപ്പൂരിൽ വൈറസ് സ്ഥിരീകരിച്ചവരിലേറെയും വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സിംഗപ്പൂരിൽ കൊവിഡിന്റെ തീവ്രത വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും രണ്ടുലക്ഷത്തിലേറെ തൊഴിലാളികൾ ഡോർമെറ്ററികളിലും മറ്റുമായി തിങ്ങിപ്പാർക്കുന്നത് സാമൂഹ്യ അകലം പാലിക്കുക എന്ന നിയന്ത്രണത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. 11 പേരാണ് രാജ്യത്ത് ഇതേവരെ കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.