തിരുവനന്തപുരം: വായ്പാ അനുമതിയിലും വിതരണത്തിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) കുറിച്ചത് മികച്ച വർദ്ധന. ഇക്കഴിഞ്ഞ സമ്പദ് വർഷം 1,734 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. വിതരണം 77 ശതമാനം വർദ്ധിച്ചു. 816 കോടി രൂപയിൽ നിന്ന് 1,446 കോടി രൂപയിലേക്ക് വിതരണം ഉയർന്നു.
1,082 കോടി രൂപയാണ് വായ്‌പാ തിരിച്ചടവ്. വർദ്ധന 20 ശതമാനം. നിഷ്‌ക്രിയ ആസ്‌തി കുറഞ്ഞെന്നും വായ്‌പാ ആസ്‌തി ഉയർന്നുവെന്നും കെ.എഫ്.സി മാനേജിംഗ് ഡയറക്‌ടർ സഞ്ജയ് കൗൾ പറഞ്ഞു. എസ്.എം.ഇകൾക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു. ഈ മേഖലയിലെ വായ്‌പാ ഇടപാടുകാർക്ക് 10 ശതമാനം അധിക വായ്‌പ നൽകും.
പുതിയ സംരംഭകരോടൊപ്പം ചെറുകിട വ്യവസായ മേഖലയിലെ ഉത്പന്നങ്ങൾ വിൽക്കുന്നവർക്കും 50 ലക്ഷം രൂപ വരെ വായ്പ നൽകും. കൊവിഡിനെതിരെ പൊരുതുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബിൽ ഡിസ്കൗണ്ടിംഗും നൽകും. പലിശനിരക്ക് 9 ശതമാനമായി കുറച്ചാണ് വായ്പാ ആസ്തി ഇരട്ടിയാക്കിയത്.