പാറശാല: ഹൃദ്രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി തമിഴ്നാട്ടിൽ നിന്ന് മലയാളി രോഗിയുമായി വന്ന ആംബുലൻസ്കേരള പാറശാല അതിർത്തി ചെക്ക് പോസ്റ്റിൽ തടഞ്ഞ് പൊലീസ് തിരിച്ചയച്ചു. തുടർന്ന് നാഗർകോവിലിലെ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ കുറ്റിഅയ്യത്ത് താഹയാണ് (52) മരിച്ചത്.
കടുത്ത പ്രമേഹം, ഹൃദ്രോഗം എന്നിവയെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി തമിഴ്നാട്ടിൽ ചികിത്സ നടത്തി വരുകയായിരുന്ന താഹയെ. തിങ്കളാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നെയ്യൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കായി 40,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് താഹയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
താഹയുമായി തിങ്കളാഴ്ച രാവിലെ പാറശ്ശാല ഇഞ്ചിവിള ചെക്ക്പോസ്റ്റിൽ എത്തിയപ്പോൾ യാതൊരു രേഖകളുമില്ലെന്ന കാരണത്താൽ കേരള പൊലീസ് തിരിച്ചയച്ചു. പിന്നീട് കരുനാഗപ്പള്ളി എം.എൽ.എ ആർ.രാമചന്ദ്രൻ വിളവൻകോട് എം.എൽ.എ വിജയധരണിയുമായും, അവർ പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രനുമായും ബന്ധപ്പെട്ടു. തുടർന്ന് ,കേരള അതിർത്തിയിൽ വന്നശേഷം പൊലീസ് ഏർപ്പെടുത്തുന്ന ആംബുലൻസിൽ താഹയെ കേരളത്തിലേക്ക് കൊണ്ടുപോകാൻ ധാരണയായി. ഇതനുസരിച്ച് വൈകിട്ട് നാലോടെ താഹയുമായി ആംബലുൻസ് വീണ്ടും ഇഞ്ചിവിളയിലെത്തി. അപ്പോൾ ആംബുലൻസ് ലഭ്യമായില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ താഹയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും അതേ ആംബുലൻസിൽ ആറ് മണിയോടെ നാഗർകോവിലെ ആശാരിപ്പള്ളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അൽപസമയത്തിനകം മരിച്ചു.
മണ്ടയ്ക്കാട് ക്ഷേത്രത്തിൽ ഉത്സവക്കച്ചവടത്തിന് പോയ താഹ കാലിലെ വ്രണവും പ്രമേഹം മൂർച്ഛിച്ചതും കാരണം നെയ്യൂരിലെ ആശുപത്രിയിൽ നേരത്തേ ചികിത്സ തേടിയിരുന്നു. പിന്നീട് ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതാവുകയായിരുന്നു.ഭാര്യ: ഷക്കീല. മക്കൾ: അനസ്, അൻസാരി, അൻസർ. മരുമക്കൾ: ഷെറിൻ, ഫാത്തിമ.നിയമനടപടികൾ പൂർത്തിയായ ശേഷമേ മൃതദേഹം നാട്ടിലെത്തിക്കൂ. ബന്ധുക്കൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.