majeed

കഴക്കൂട്ടം: മത്സ്യത്തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന സി.കെ. മജീദ് (54) ഇനി ആറ് പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മജീദിന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. കരൾ, വൃക്ക, രണ്ട് കണ്ണുകൾ, രണ്ട് ഹൃദയ വാൽവുകൾ എന്നിവയാണ് ദാനം ചെയ്‌തത്. വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും കരൾ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ രോഗിക്കും ഹൃദയ വാൽവുകൾ ശ്രീ ചിത്രയ്ക്കും കോർണിയ ഗവ. കണ്ണാശുപത്രിക്കുമാണ് നൽകിയത്.

തൃശൂർ കൊടുങ്ങല്ലൂർ പേ ബസാർ എറിയാട് വില്ലേജിൽ ചേറാടിയിൽ കുഞ്ഞുമൊയ്ദീന്റെ മകനായ സി.കെ. മജീദ് സി.പി.എം. ലോക്കൽ കമ്മി​റ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയും ആയിരുന്നു. ഫിഷറീസ് മന്ത്റി ജെ. മേഴ്സിക്കുട്ടി അമ്മയുമായുള്ള ചർച്ചയ്‌ക്കാണ് ഏപ്രിൽ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക് ഡൗണിൽ മത്സ്യതൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചർച്ച ചെയ്‌തത്. ചർച്ച കഴിഞ്ഞ് മടങ്ങുമ്പോൾ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവച്ച് മജീദും സംഘവും സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഓടിച്ചിരുന്ന ഉള്ളൂർ സ്വദേശി ബിപിൻ ജേക്കബ് (52)​ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേ​റ്റ മജീദ് ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് മന്ത്റി ജെ. മേഴ്സിക്കുട്ടി അമ്മ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടിരുന്നു. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഡോക്ടർമാർ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രി 10.07ന് മസ്‌തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അവയവദാനത്തിനായി കുടുംബാംഗങ്ങൾ മുന്നോട്ട് വരികയായിരുന്നു.