supplyco-coruption

തിരുവനന്തപുരം: സപ്ളൈകോയിൽ ലോക്കൽ പർച്ചേസിന്റെ മറവിൽ വ്യാപകമായി അഴിമതി നടക്കുന്നതായി വിവിധ ഡിപ്പോകളിലെ ജീവനക്കാർ ഹെഡ് ഓഫീസ് അധികൃതരെ അറിയിച്ചു.

റേഷൻ കടകൾ വഴി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്നതിന് ആവശ്യമെങ്കിൽ ലോക്കൽ പർച്ചേസിന് 20 ലക്ഷം രൂപ വീതമാണ് ഡിപ്പോൾക്ക് അനുവദിച്ചത്. സംസ്ഥാനത്ത് 56 ഡിപ്പോകൾ വഴി സാധനങ്ങൾ ശേഖരിച്ച് പലവ്യഞ്ജന കിറ്റ് വിതരണം കാര്യക്ഷമമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ യഥാർത്ഥ മൊത്ത വിലയിൽ നിന്നും ഉയർന്ന വില രേഖപ്പെടുത്തി സാധനങ്ങൾ വാങ്ങുകയാണെന്നാണ് പരാതി.

ഇതിനിടെ, തിരുവനന്തപുരം റീജണൽ മാനേജരെ മാറ്റിയത് അഴിമതിക്ക് കളമൊരുക്കാനാണെന്ന ആരോപണവും ഉയർന്നു. സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് രണ്ട് ജില്ലകളുടെ ചുമതലയുണ്ടായിരുന്ന മാനേജരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. അതേ കുറ്റത്തിന് മെമ്മോ ലഭിച്ച അസി. റീജണൽ മാനേജർക്കാണ് പകരം ചുതമല ലഭിച്ചത്. ഒരേ കുറ്റത്തിന് രണ്ട് നീതി നടപ്പിലാക്കിയത് ജീവനക്കാരിൽ അമർഷത്തിനിടയാക്കി.