sprinklr

തിരുവനന്തപുരം: സ്‌പ്രിൻക്ളർ ഡാറ്റാ ഇടപാടിൽ മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാരിനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.അസാധാരണ സാഹചര്യത്തിൽ മനുഷ്യജീവൻ രക്ഷിക്കാൻ ഏത് അസാധാരണ നടപടിയും സ്വീകരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി. വ്യക്തിയുടെ സ്വകാര്യതയെക്കാൾ ഈ ഘട്ടത്തിൽ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്പിനുമാണ്.

" കൊവിഡ് ഭീഷണി നേരിടുന്നതിന് സാങ്കേതികവിദ്യ സ്വീകരിച്ചതുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ നടപടികൾക്കും പിന്തുണ. അത്തരം നടപടികളാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളത്തെ മുന്നോട്ട് കൊണ്ടുപോയത്. സാധാരണനില പുനസ്ഥാപിച്ച് കഴിഞ്ഞാൽ ഈ ഘട്ടത്തിൽ സ്വീകരിച്ച എല്ലാ നടപടികളും പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക് പാഠമുൾക്കൊള്ളുകയും ചെയ്യും"- യോഗത്തിന് ശേഷം വാർത്താക്കുറിപ്പിൽ സി.പി.എം വ്യക്തമാക്കി.

സ്വകാര്യതയുടെ വാണിജ്യചൂഷണത്തിനെതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്നാണ് പാർട്ടി സൂചിപ്പിക്കുന്നത്.

സാമ്പത്തിക ഇടപാടില്ലാത്തതിനാൽ ആരോപണങ്ങളെ ഭയക്കേണ്ടതില്ലെന്നും പാർട്ടി കരുതുന്നു.

സർക്കാരിന് ലഭിച്ച വ്യാപകമായ അംഗീകാരത്തെ തകർക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളിൽ ഒരു വിഭാഗം ഉത്തരവാദിത്വബോധം മറന്ന് നുണപ്രചാരവേല നടത്തുന്നത് അപലപനീയമാണെന്ന വിമർശനവുമുണ്ട്.

വ്യക്തികളുടെ വിവരങ്ങളറിയേണ്ടത് മുൻകരുതലുകളെടുക്കാനും രോഗവ്യാപനം തടയാനും അത്യാവശ്യമാണ്. വ്യക്തിഗത വിവരങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഉടൻ ലഭ്യമായ സംവിധാനമെന്ന നിലയിലാണ് സർക്കാർ സ്‌പ്രിൻക്ളറിനെ ചുമതലപ്പെടുത്തിയത്. ആശങ്ക ഉയർന്നപ്പോൾ സർക്കാർ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയെന്നും സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഡേറ്റാശേഖരണ കരാറിനെപ്പറ്റി വിശദീകരിച്ചു. ടെലിമെഡിസിനുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ എം.എൽ.എ ഉന്നയിച്ച ആക്ഷേപത്തിൽ കഴമ്പില്ലെന്നും വ്യക്തമാക്കി. പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള അടക്കമുള്ളവരുമായി കഴിഞ്ഞ ദിവസം നടന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ ഡാറ്റാവിഷയത്തിൽ തീരുമാനിച്ചുറപ്പിച്ച പ്രസ്താവന യോഗം അംഗീകരിക്കുകയായിരുന്നു. പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ളയും എം.എ. ബേബിയും യോഗത്തിനെത്തി.