തിരുവനന്തപുരം:ഈ ലോക്ക് ഡൗൺകാലത്തിൽ വീട്ടിൽ വെറുതെയിരിക്കാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽതന്നെയുണ്ട് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരും നേതൃത്വവും.നിരവധി പ്രവർത്തനങ്ങളിലാണ് കുടുംബശ്രീ അംഗങ്ങൾ പങ്കാളികളായിക്കൊണ്ടിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ജില്ലയിലെ 29, 082 അയൽക്കൂട്ടങ്ങൾ വഴി അതത് പ്രദേശങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.ആശയവിനിമയത്തിനായി താഴെത്തട്ടുമുതൽ ജില്ലാ നേതൃത്വം വരെയുള്ളവരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചു. ഇവരിലൂടെ ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാൻ സർക്കാരിനും എളുപ്പമായി. മാസ്ക് നിർമ്മാണമായിരുന്നു അടുത്ത പടി. മാസ്ക് എവിടെനിന്ന് കിട്ടും എന്ന് എല്ലാവരും സംശയിച്ചു നിന്നപ്പോൾ രണ്ട് ലക്ഷത്തിലധികം മാസ്കുകളാണ് കുടുംബശ്രീ നിർമ്മിച്ച് നൽകിയത്. 770 ലിറ്റർ സാനിറ്റൈസറും നിർമ്മിച്ചു.
കമ്മ്യൂണിറ്റി കിച്ചണിലെ പ്രവർത്തനങ്ങൾക്ക് പുറമേ ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലും ഭക്ഷണമെത്തിക്കുന്നു. നഗരത്തിലെ രണ്ട് ജനകീയ ഹോട്ടലിലൂടെ 20 രൂപ നിരക്കിൽ 2,000 പേർക്ക് ദിവസവും ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നു. സ്നേഹിത ജെൻഡർ ഹെൽപ്പ് ലൈനിലൂടെ 2000ലേറെ പേർക്ക് കൗൺസിലിംഗ് നൽകി. ഒറ്റപ്പെട്ട് കഴിയുന്നവർ, ആദിവാസി വിഭാഗക്കാർ, ബഡ്സ് സ്കൂളിലെ കുട്ടികൾ തുടങ്ങിയവരുടെ ക്ഷേമമന്വേഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമുണ്ട്.
പ്രവർത്തനങ്ങൾ
1500 കുടുംബശ്രീ പ്രവർത്തകരാണ് പിന്നിലുള്ളത്
60 വയസിന് മുകളിൽ പ്രായമുള്ള 10,402 പേരുടെ വിവരങ്ങൾ ശേഖരിച്ചു
250ലേറെ പേർക്ക് മരുന്ന് എത്തിച്ചുനൽകി
സപ്ലൈകോയ്ക്ക് വേണ്ടി 75,000 തുണിസഞ്ചികൾ നിർമ്മിച്ചു
300ലധികം ആദിവാസി കുടുംബങ്ങൾക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണമെത്തിക്കുന്നു
വനത്തിലുള്ള 1500ലധികം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് എത്തിച്ചു
വളയിട്ട കൈകളിൽ ഫേസ് ഷീൽഡ് നിർമ്മാണവും
നല്ല വൈദഗദ്ധ്യം വേണ്ട ഫേസ് ഷീൽഡ് നിർമ്മാണത്തിലും കുടുംബശ്രീ പ്രവർത്തകരുടെ സാന്നിദ്ധ്യമുണ്ടായി. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് നിർമ്മാണവിദ്യ പഠിച്ചത്. വെറും 15 രൂപ ചെലവാണ് ഒരു ഷീൽഡ് നിർമ്മിക്കാൻ വേണ്ടിവന്നത്. 1300 എണ്ണം നിർമിച്ച് കൈമാറി.
''എല്ലാ മേഖലയിലും സാധ്യമായ തരത്തിൽ കുടുംബശ്രീ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സഹായഹസ്തം ലോണിന് അർഹരായ 22,542 അയൽക്കൂട്ടങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സർക്കാരിന്റെ സന്നദ്ധസേനയിലും കുടുംബശ്രീ അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്''.
- ഡോ. കെ.ആർ. ഷൈജു
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ