നെടുമങ്ങാട്: കൊവിഡ് രോഗ പ്രതിരോധത്തിന് എം.പി ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് അനുവദിച്ച പണം ചെലവഴിച്ചില്ലെന്നുമുള്ള അടൂർ പ്രകാശ് എം.പിയുടെ വാദം വിചിത്രമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. എം.പി ഫണ്ടിൽ നിന്ന് നേരിട്ട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആറ്റിങ്ങൽ മണ്ഡലത്തിലെ ഏതാനും ആശുപത്രികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ കളക്ടർ മുഖാന്തരം അനുവദിച്ചെന്ന് പറയുന്ന തുകയ്ക്ക് ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിച്ചിട്ടില്ല. ഡി.എം.ഒ വഴി സ്വീകരിക്കേണ്ട നടപടികളുടെ ഉത്തരവാദിത്വം ആശുപത്രിക്കുമേൽ അടിച്ചേല്പിക്കാനുള്ള എം.പിയുടെ ശ്രമം ദൗർഭാഗ്യകരമാണ്. ഐസൊലേഷൻ വാർഡ് ഉൾപ്പെടെ സജ്ജമാക്കി ഫലപ്രദമായ പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടത്തിയിട്ടുള്ളത്. ഇതിനാവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. എട്ടു കോടി രൂപ ചെലവിട്ട് മാതൃകാപരമായ വികസനവും ഇവിടെ നടക്കുന്നുണ്ട്. 51 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും വാർഡുതല ജനകീയ കമ്മിറ്റികളെയും വോളന്റിയർമാരെയും കക്ഷി - രാഷ്ട്രീയ ദേദമെന്യേ അണിനിരത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധം ഫലപ്രദമാക്കിയത്. കമ്മ്യൂണിറ്റി കിച്ചണുകൾ സന്ദർശിക്കാനോ ആരോഗ്യ പ്രവർത്തകരെയും യുവജനങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിക്കാനോ എം.പി തയ്യാറാകാത്തത് അപലപനീയമാണെന്നും വി.കെ. മധു പറഞ്ഞു.