ramzan

തിരുവനന്തപുരം: കൊവിഡ് ഭീതിയുടെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ ഇത്തവണ റംസാൻ വ്രതവും ആഘോഷങ്ങളും നിയന്ത്രണങ്ങളോടെ നടത്താൻ മുസ്ളീം പണ്ഡിതന്മാരുമായും മതാദ്ധ്യക്ഷൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതനുസരിച്ച് ആഘോഷത്തിന്റെ ഭാഗമായുള്ള ഇഫ്‌താർ, ജുമുഅ, തറാവീഹ്, അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരം, കഞ്ഞി വിതരണം പോലുള്ള ദാനധർമ്മങ്ങൾ ഇവയെല്ലാം വേണ്ടെന്ന് വയ്‌ക്കും. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതനേതാക്കൾ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിന് സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുമെന്ന് അവർ ഉറപ്പു നൽകി. പള്ളികളിൽ ആളുകൾ കൂടുന്ന പ്രാർത്ഥാനാചടങ്ങുകളുണ്ടാകില്ല.

രോഗപീഡയിൽ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമദാൻ കാലത്തെ പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഇത്തവണ റംസാൻ കിറ്റ് അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യപ്രവൃത്തിയാകും.

വീഡിയോ കോൺഫറൻസിൽ പ്രൊഫ. ആലിക്കുട്ടി മുസ്ല്യാർ, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, ടി.പി. അബ്ദുള്ളക്കോയ മദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.ഐ അബ്ദുൾ അസീസ്, ഡോ. ഇ.കെ അഹമ്മദ് കുട്ടി, ഇ.കെ അഷ്‌റഫ്, കമറുള്ള ഹാജി, അഡ്വ എം.താജുദ്ദീൻ,ആരിഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു. മന്ത്രി കെ.ടി. ജലീലും പങ്കെടുത്തു.