തിരുവനന്തപുരം: സർവകലാശാലാ പരീക്ഷകൾ മേയ് 11മുതൽ നടത്താമെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചു. സർവകലാശാലകൾ അവരുടെ പരിധിയിലെ ജില്ലകളിലെ കൊവിഡ് രോഗത്തിന്റെ സാഹചര്യം അനുസരിച്ച് പരീക്ഷാ തീയതി നിശ്ചയിക്കണമെന്നാണ് പുതിയ ഉത്തരവ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ രോഗം വ്യാപിക്കുന്ന സാഹചര്യം പരിഗണിച്ചാണിത്. നേരത്തെ വൈസ് ചാൻസലർമാരുമായി മന്ത്റി കെ.ടി.ജലീൽ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേയ് 11മുതൽ പരീക്ഷ നടത്താനുള്ള നിർദ്ദേശം സർക്കാർ ഉത്തരവായി പുറത്തിറക്കിയത്. ലോക്ക് ഡൗൺ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പരീക്ഷ നടത്തുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങൾ സർവകലാശാലകൾ സർക്കാരിനെ അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം സർവകലാശാലകൾക്ക് പ്രാദേശികമായ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുകയും പരീക്ഷാതിയതി പ്രഖ്യാപിക്കുകയും ചെയ്യാം.