തിരുവനന്തപുരം: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഐസൊലേഷനിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതു സംബന്ധിച്ച് മാർച്ച് 27ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് വകുപ്പിന്റെ സൈറ്റിൽ നിന്ന് നീക്കി. വീടുകൾ സന്ദർശിക്കുന്ന വാർഡ് തല സംഘം അതത് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ, തയ്യാറാക്കി നൽകിയ ചോദ്യാവലിയുടെ മറുപടി kerala field-covid.spriklr.com എന്ന യു.ആർ.എല്ലിൽ സ്പ്രിൻക്ളർ കമ്പനിക്ക് അയയ്ക്കാനായിരുന്നു നിർദ്ദേശം. ആ സമയം മൊബൈൽ ഫോണിൽ റേഞ്ച് ഇല്ലെങ്കിൽ ഉള്ളിടത്തെത്തുമ്പോൾ തന്നെ അയയ്ക്കണമെന്നും നിർദ്ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ ഏപ്രിൽ 13 ന് ഇത് വാക്കാൽ തിരുത്തി housevisitkerala gov.in എന്ന വിലാസത്തിലേക്ക് അയയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.
ചോദ്യാവലിയിലൂടെ ശേഖരിച്ച വിവരങ്ങൾ
സമ്പർക്ക വിലക്കിലോ നിയന്ത്രണത്തിലോ ഉള്ള വ്യക്തിയുടെ പേര്, പ്രായം, ജില്ല, പഞ്ചായത്ത്, വാർഡ്, വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എവിടയെല്ലാം, രോഗലക്ഷണങ്ങൾ എന്തെങ്കിലും പ്രകടമായിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്തെല്ലാം (പനി, ചുമ ,തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം ,വയറിളക്കം), വയോജനങ്ങൾ വീട്ടിലുണ്ടോ, എതൊക്കെ രോഗങ്ങൾക്ക് ചികിത്സ സ്വീകരിക്കുന്നു (പ്രമേഹം, രക്താതിമർദ്ദം ,ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ- ഡയാലിസിസ്, അർബുദം, ശ്വാസകോശ രോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ,കിടപ്പു രോഗികൾ), ചികിത്സ തുടരുന്നുണ്ടോ, മരുന്നുകൾ ലഭ്യമാണോ, ജലദോഷപ്പനിയുടെ ലക്ഷണമുള്ളവർ വീട്ടിലുണ്ടോ, ഉണ്ടെങ്കിൽ എത്ര പേർ, അയൽവീട്ടിൽ ജലദോഷപ്പനിയുടെ ലക്ഷണമുള്ളവർ ഉണ്ടോ, ഉണ്ടെങ്കിൽ എത്രപേർ, പൊതുസ്ഥലങ്ങളിൽ പോയിട്ടുണ്ടോ, യാത്രകൾ, പരിപാടികൾ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ എവിടെയെല്ലാം പോയി, ഏതൊക്കെ പരിപാടിയിൽ പങ്കെടുത്തു, കഴിഞ്ഞ ഒരു മാസത്തിൽ ഈ പ്രദേശത്ത് മറ്രെന്തെങ്കിലും അസാധാരണ ശ്വാസ രോഗാവസ്ഥ കാരണം ആശുപത്രിയിലായവരോ മരണപ്പെട്ടവരോ ഉണ്ടോ, അടുത്ത് ഇടപഴകിയവരുടെ വിവരങ്ങൾ, ഇവരുടെ പേരും ജില്ലയും പഞ്ചായത്തും, ഫോൺ നമ്പർ, തദ്ദേശ ഭരണസ്ഥാപനം ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടോ,സമ്പർക്ക വിലക്കും സമ്പർക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ, കൗൺസലിംഗ് നൽകിയിട്ടുണ്ടോ തുടങ്ങിയവയാണ് ചോദ്യാവലിയിൽ.