കോവളം: വിഴിഞ്ഞം തീരത്ത് നിറുത്തിവെച്ചിരുന്ന മത്സ്യബന്ധനം ഇന്നലെ വൈകിട്ടോടെ പുനരാരംഭിച്ചു. കൊവിഡ്19 വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് ലത്തീൻ അതിരുപതാ ആർച്ച് ബിഷപ്പ് എം. സുസപാക്യം വിഴിഞ്ഞം ഇടവക വികാരിക്കും പള്ളി കൗൺസിലിനും നിർദ്ദേശം നൽകിയിരുന്നു. മീൻ ലേലംവിളി വേണ്ടെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പള്ളിയങ്കണത്തിൽ കൂടിയ അടിയന്തരയോഗത്തിലാണ് മത്സ്യബന്ധനം പുനരാരംഭിക്കാനും നിയന്ത്രണങ്ങൾ പാലിച്ച് വില്പന നടത്താനും തീരുമാനിച്ചത്. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലീം ജമാഅത്തിന്റെ കീഴിലുള്ള മത്സ്യത്തൊഴിലാളികളും ഇന്നലെ വൈകിട്ട് മുതൽ മത്സ്യബന്ധനത്തിന് പോയതായി പ്രസിഡന്റ് എൻ. നൂഹുകണ്ണ് അറിയിച്ചു.