തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ഭക്ഷ്യസ്ഥിതി ഭദ്രമാണെന്നും,അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
568566 മെട്രിക് ടൺ അരിയും 136631 മെട്രിക് ടൺ ആട്ടയും 90231 മെട്രിക് ടൺ പയറും 3071000 ലിറ്റർ പാം ഒായിലും 2155000 ലിറ്റർ വെളിച്ചെണ്ണയും 12056 മെട്രിക് ടൺ പഞ്ചസാരയും സ്റ്റോക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കവും മുടക്കമില്ലാതെ നടക്കുന്നു. പക്ഷേ പ്രതിസന്ധി തുടർന്നുപോയാൽ സ്ഥിതി മാറിയേക്കാം. രാജ്യത്തെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ അനുസരിച്ചാണത്. വരാനിരിക്കുന്ന സാഹചര്യം മുന്നിൽ കണ്ട് ഇപ്പോൾ തന്നെ നാം മുന്നൊരുക്കം നടത്തേണ്ടതുണ്ട്. രണ്ട് വർഷത്തിനുള്ളിൽ 25000 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി പദ്ധതി ആരംഭിക്കും. കോവിഡ് പ്രതിസന്ധി കേരളത്തിലെ കാർഷിക ഉത്പന്ന വർദ്ധനവിനും വിപണ സംവിധാനം പരിഷ്‌കരിക്കുന്നതിനുമുള്ള പാഠമാക്കണം.
പച്ചക്കറി കൃഷിയിൽ
സ്വയംപര്യാപ്തമാവണം
സംസ്ഥാനത്ത് 20ലക്ഷം മെട്രിക് ടൺപച്ചക്കറി വേണം. ഇവിടെ ഉത്പാദിപ്പിക്കുന്നത് 14.72 ലക്ഷം മെട്രിക് ടൺ. ഇൗ മേഖലയിലെങ്കിലും സ്വയംപര്യാപ്തമാവണം.
കാർഷിക മേഖലയിൽ വലിയ ഇടപെടൽ പ്രധാനമാണ്.ഈക്കാര്യത്തിൽ കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കും.ആവശ്യത്തിനുള്ള കൃഷിഭൂമി നാട്ടിലുണ്ട്. എന്നാൽ തരിശിടുന്ന ഭൂമിയുടെ അളവ് കുറവല്ല. ഒരു തദ്ദേശ സ്ഥാപന അതിർത്തിയിലും ഭൂമി തരിശിടില്ലെന്ന് തീരുമാനിക്കണം. എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കണം.