തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലയായി കണ്ണൂർ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ ഇത് കാസർകോടായിരുന്നു. 104 പേർക്കാണ് രോഗംബാധിച്ചത്. 54 പേർ ചികിത്സയിൽ തുടരുന്നു. ഒരു വീട്ടിൽ 10 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ വിദേശത്ത് നിന്നെത്തിവരെയും ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുകയാണ്. റെഡ് സോണിൽ ഉൾപ്പെടുന്ന ജില്ലയിൽ ആരും മേയ് മൂന്നുവരെ പുറത്തിറങ്ങാൻ പാടില്ല. അതിർത്തികൾ അടച്ചു സീൽ ചെയ്തു. പുറത്തിറങ്ങുന്ന എല്ലാ വാഹനവും പരിശോധിക്കും. പൊലീസ് അനുവദിച്ചിട്ടുള്ള ചുരുക്കം ചില മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സാധനങ്ങൾ ഹോം ഡെലിവറിയായി നടത്താൻ തദ്ദേശസ്ഥാപനങ്ങളിൽ കാൾ സെന്റർ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
പ്രതിസന്ധി മറികടക്കുക എളുപ്പമല്ല;
ഹോമിയോ മരുന്നിന് അനുമതി
കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുകയെന്നത് എളുപ്പമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം പ്രവചനാതീതമാണ്. പത്തനംതിട്ടയിൽ മാർച്ച് എട്ട് മുതൽ 62 വയസുകാരി ചികിത്സയിലാണ്. മാർച്ച് 10ന് ആദ്യ സാമ്പിൾ പരിശോധനയക്ക് അയച്ചു. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പിൾ അയച്ചു. ഏപ്രിൽ രണ്ടിന് വന്ന ഫലം മാത്രമാണ് നെഗറ്റീവായത്.
അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് 2,26,969 ബെഡുകൾ ഒരുക്കിയിട്ടുണ്ട്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഹോമിയോ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകി.