തിരുവനന്തപുരം: സ്പ്രിൻക്ളർ കരാർ ആഭ്യന്തര പരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചു. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയും കേന്ദ്രസർക്കാരിന്റെ ഐ.ടി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറിയുമായ മാധവൻ നമ്പ്യാരുമാണ് അന്വേഷിക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.
കരാറിനെപ്പറ്റി പൊതുസമൂഹത്തിലുണ്ടായ സംശയങ്ങൾ ദൂരീകരിക്കാനാണ് ഈ നടപടിയെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയാണ് മുൻകൈയെടുത്തത്.
പരിശോധനാവിഷയം
# സ്പ്രിൻക്ളർ കരാറിൽ വ്യക്തികളുടെ നിർണായകമായ ഡേറ്റയും സ്വകാര്യതയും സംരക്ഷിക്കപ്പെടുമോ?
# അന്തിമ കരാറിലേർപ്പെടും മുമ്പ് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടോ?
# എന്തെങ്കിലും വ്യതിയാനം സംഭവിച്ചെങ്കിൽ സംസ്ഥാനത്തിന്റെ അസാധാരണ സാഹചര്യം കണക്കിലെടുക്കുമ്പോൾ അത് ന്യായീകരിക്കത്തക്കതാണോ?
# ഭാവിയിലേക്ക് മറ്റെന്തെങ്കിലും നിർദ്ദേശമുണ്ടോ ?