തിരുവനന്തപുരം: കൊവിഡിനെ തുരത്താൻ ശ്രമിക്കുന്ന സംസ്ഥാനസർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തുന്ന സംഭാവനകളിലെ അപൂർവ്വാനുഭവങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത് കൗതുകമായി.
ഡാനിഷ് എന്ന കുട്ടി ഫുട്‌ബോൾ താരം, കൊല്ലത്തെ കശുഅണ്ടിത്തൊഴിലാളി ലളിതമ്മ, രാജസ്ഥാൻ തൊഴിലാളി ദേശ്‌രാജ് എന്നിവരെയാണ് മുഖ്യമന്ത്രി പരാമർശിച്ചത്.
അണ്ടർ ടെൻ ഫുട്‌ബോൾ മത്സരത്തിൽ സീറോ ആംഗിളിൽ ഗോളടിച്ച് കേരളത്തിന്റെ കുട്ടിത്താരമായ ഡാനിഷ് 31,500 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. പലരും നല്‌കിയ സമ്മാനത്തുകയും മറ്റും കൂട്ടിവെച്ചുണ്ടാക്കിയ തന്റെ കൊച്ചുസമ്പാദ്യം. മുതിർന്നവർക്കു പോലും മാതൃകയാക്കാവുന്ന പ്രവൃത്തി ചെയ്ത ഡാനിഷിനെ കൊച്ചുമിടുക്കനെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
തന്റെ കൈയിലുള്ള കുറച്ചുപണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ കൈമാറുമെന്ന് ആലോചിച്ച ലളിതമ്മ പോലീസിന്റെ സഹായത്തോടെയാണ് തുക കൈമാറിയത്. പട്രോളിംഗിനിറങ്ങിയ പോലീസ് വണ്ടി തടഞ്ഞുനിർത്തി 'സാറേ, എനിക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സംഭാവന നൽകണം' എന്നുപറഞ്ഞ് 5101 രൂപ ഏൽപ്പിക്കുകയായിരുന്നു. ആ പണം സി.ഐ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കുടിയേറ്റ തൊഴിലാളിയായ തന്നോട് കേരളം കാണിച്ച സ്‌നേഹത്തിനുള്ള സന്തോഷം രാജസ്ഥാൻ സ്വദേശിയായ ദേശ് രാജ് പ്രകടിപ്പിച്ചതും സഹായത്തിന്റെ രൂപത്തിൽ തന്നെ. കോഴിക്കോട് ജില്ലയിൽ കഴിയുന്ന ദേശ്‌രാജ് സമൂഹ അടുക്കളയ്ക്കും, 550 കുടുംബങ്ങൾക്കും നൂറോളം കുടിയേറ്റ തൊഴിലാളികൾക്കും പച്ചക്കറി കിറ്റും ഭക്ഷ്യവസ്തുക്കളും കൈമാറി. മൂന്നുദിവസത്തേക്കുള്ള പച്ചക്കറിയാണ് ദേശ് രാജ് വാങ്ങിക്കൊടുത്തത്. ഗ്രാനൈറ്റ് കച്ചവടക്കാരനായ ദേശ്‌രാജ് തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഇതിനായി നീക്കിവയ്‌ക്കുകയായിരുന്നു. കേരളം തന്നോടുകാണിച്ച സ്‌നേഹത്തിനുള്ള തീരെ ചെറുതല്ലാത്ത ഈ നന്ദിപ്രകടനത്തെ ഹൃദയസ്‌പൃക്കായ അനുഭവമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.