തിരുവനന്തപുരം: സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും താൻപോരിമയ്ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിൻക്ലർ വിവാദത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ രൂക്ഷമായ പരാമർശങ്ങളെന്ന് കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊവിഡ് ഭീതിയിൽ നാടും നഗരവും ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ അതിന്റെ മറപിടിച്ച് സർക്കാർ തിടുക്കത്തിൽ ഇത്തരമൊരു കരാറുണ്ടാക്കിയത് സംശയാസ്പദമാണ്. എല്ലാ ദിവസവും വൈകിട്ട് ആറു മണിക്ക് ചാനൽ ക്യാമറകൾക്കു മുന്നിലെത്തി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നീട്ടിവിളമ്പുന്ന മുഖ്യമന്ത്രി ഈ കരാറിന്റെ കാര്യം മിണ്ടാതിരുന്നത് മറന്നുപോയതുകൊണ്ടാണെന്ന് കരുതാനുമാകില്ല.