lock-down-

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പാക്കും. ഹോട്സ്പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ഐ.ജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. ജില്ലയിൽ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കിയാണ് എസ്.പിമാർക്ക് ചുമതലയേൽപിച്ചിരിക്കുന്നത്. ഐ.ജി അശോക് യാദവിനാണ് മേൽനോട്ട ചുമതല. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും വിദേശത്ത് നിന്ന് വന്ന മുഴുവൻ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരിൽ നടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതിൽ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 16 പേർക്ക് കൊവിഡ് പോസറ്റീവായത്. ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരിൽ നിന്നും തുടർച്ചയായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വലിയ ആശങ്കയാണ് ജില്ലയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.