ബീജിംഗ് : ചൈനീസ് റെസ്റ്റോറന്റിൽ ആഹാരം കഴിക്കാനെത്തിയ ഒരാളിൽ നിന്നും ഒമ്പത് പേരിലേക്ക് കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായത് എയർ കണ്ടീഷനർ എന്ന് പഠനങ്ങൾ. അതേ സമയം, റെസ്റ്റോറന്റിൽ അന്നേരമുണ്ടായിരുന്ന 81 പേർക്ക് രോഗബാധയുണ്ടായില്ല. ചൈനയിലെ ഗുവാംഗ്സൗ വിലെ ഒരു റെസ്റ്റോറന്റിൽ കഴിഞ്ഞ ജനുവരിയിൽ വുഹാനിൽ നിന്നെത്തിയ ഒരു കുടുംബം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇവരിൽ ഒരാളിൽ നിന്നാണ് രോഗം ഒമ്പത് പേരിലേക്ക് പടർന്നത്. ഇതിന് കാരണമായത് റെസ്റ്റോറന്റിലെ ശീതീകരിച്ച വായുവിന്റെ സാന്നിദ്ധ്യമാണെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കുടുംബത്തിലെ ഒരംഗത്തിന് കൊവിഡ് രോഗബാധയുണ്ടായിരുന്നു. എന്നാൽ ഇയാളിൽ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. റെസ്റ്റോറന്റിലെത്തിയതിന് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഇയാൾക്കും കുടുംബാംഗങ്ങളും റെസ്റ്റോറന്റിലെ അടുത്ത ടേബിളുകളിലിരുന്ന് ഭക്ഷണം കഴിച്ചവരും ഉൾപ്പെടെ മറ്റ് ഒമ്പത് പേർക്കും രോഗബാധ കണ്ടെത്തിയത്.
ഒരു മീറ്റർ വീതം അകലെയുണ്ടായിരുന്ന ടേബിളുകളിൽ ഇരുന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ഇരുന്ന ടേബിളുകൾക്കരികിൽ ജനാലകളില്ലായിരുന്നു. കൊറോണ വൈറസ് സാധാരണ പകരുന്നത് ഡ്രോപ്ലെറ്റ് ട്രാൻസ്മിഷൻ വഴിയാണ്. രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് മറ്റൊരാളുടെ മൂക്കുകളിലേക്കോ വായിലോ കണ്ണുകളിലോ എത്തുമ്പോഴാണ് ഈ രീതിയിൽ രോഗം വ്യാപിക്കുന്നത്. എന്നാൽ കൊറോണ വൈറസിന് അധികനേരം അന്തരീക്ഷത്തിൽ തങ്ങി നില്ക്കാനാവില്ല. ഒരു മീറ്ററിനപ്പുറം സഞ്ചരിക്കാനുമാവില്ല. അതുകൊണ്ട് തന്നെ എയർകണ്ടീഷനർ ഇവിടെ വൈറസ് വ്യാപനത്തിനിടയായെന്നാണ് ഗവേഷകർ പറയുന്നത്. ഇതോടെ അന്തരീക്ഷ താപനില കൊറോണ വൈറസിൽ ചെലുത്തുന്ന സ്വാധീനം കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ തുടങ്ങിയിരിക്കുകയാണ്.