ന്യൂഡൽഹി: ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാതലത്തിലാണ് മുന്നറിയിപ്പുമായി നീതി ആയോഗ് രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 24 മുതൽ ആറാഴ്ച രാജ്യം സമ്പൂർണ ലോക്ക് ഡൗണിലാണ്. ഇതിൽ ഏപ്രിൽ 20 മുതൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മെയ് മൂന്നിന് ശേഷം പ്രത്യേകിച്ചും കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചേക്കും. ഈ ഇളവുകൾ രോഗവ്യാപനത്തിന് കാരണമാകുമോ എന്നാണ് നീതി ആയോഗ് ആശങ്കപ്പെടുന്നത്.
നിലവിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചാൽ ഈ പ്രതിരോധം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗദ്ധർ പ്രകടിപ്പിക്കുന്നത്. രാജ്യത്തെ ആകെയുള്ള ഇരുപതിനായിരത്തോളം കൊവിഡ് രോഗികളിൽ 13000-ത്തോളം പേർ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുളളവരാണ്. അതേസമയം കൊവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ രണ്ടാം സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന. കഴിഞ്ഞ ദിവസം ധനമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയോടെ ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. നീതി ആയോഗ് ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ ലോക്ക് ഡൗണോ മറ്റു നിയന്ത്രണങ്ങളോ അടുത്ത രണ്ടോ മൂന്നോ മാസത്തേക്ക് കൂടി നീണ്ടേക്കാനുള്ള സാധ്യതയും ചർച്ചയാവുകയാണ്.