trump

വാഷിംഗ്ടൺ: കുടിയേറ്റ നിരോധന പ്രശ്‌നത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് തിരുത്തി. കുടിയേറ്റ നിരോധന നിയമം നടപ്പാക്കില്ലെന്നും പകരം ഗ്രീൻ കാർഡ് നൽകുന്നതിന് അറുപതു ദിവസത്തെ വിലക്കേർപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്. വാണിജ്യമേഖലയുടെ കടുത്ത എതിർപ്പിനെതുടർന്നാണ് തീരുമാനം. കുടിയേറ്റക്കാരെ പുറത്താക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നായിരുന്നു വാണിജ്യമേഖലുയുടെ മുന്നറിയിപ്പ്.

കുടിയേറ്റം മരവിപ്പിക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കാൻ ട്രംപ് ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ തുടക്കത്തിലേ പരാജപ്പെട്ട ട്രംപ് അതുമറയ്ക്കാനാണ് കുടിയേറ്റ നിരോധന നിയമം നടപ്പാക്കുന്നതെന്നും വരാൻ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്നുമായിരുന്നു എതിരാളികൾ പറഞ്ഞത്.

വർഷം പത്തുലക്ഷത്തോളം തൊഴിലാളികൾ തൊഴിൽതേടി അമേരിക്കയിലേക്ക് കുടിയേറുന്നുണ്ടെന്നാണ് കണക്കുകകൾ കാണിക്കുന്നത്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണ്. ചൈന, മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

കുടിയേറ്റത്തെ എതിർക്കുന്ന നയമാണ് ട്രംപിന്റേത്. കുടിയേറ്റ നിരോധന നിയമം നടപ്പാക്കുമെന്ന് പലതവണ ട്രംപ് സൂചന നൽകിയെങ്കിലും എതിർപ്പിനെ തുടർന്ന് അത് വിജയിച്ചില്ല.