local-news

കിളിമാനൂർ:പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട മകളുടെ മൂന്നാം ഓർമ്മദിനത്തിൽ കുടുംബാംഗങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ വഴി നിർദ്ധനർക്ക് ഒരുദിവസത്തെ ആഹാരം വിളമ്പി മാതൃകയായി.നഗരൂർ നെടുമ്പറമ്പ് തുണ്ടുവിളവീട്ടിൽ ദേവദാസൻ,ബിന്ദു ദമ്പതിമാരും കുടുംബാംഗങ്ങളുമാണ് തങ്ങളുടെ മകൾ സാന്ദ്രാദാസിന്റെ ചരമവാർഷിക ദിനത്തിൽ മാതൃകയായ പ്രവർത്തനം കാട്ടിയത്. നഗരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തേക്കിൻകാട് സ്‌കൂളിൽ നടന്നുവരുന്ന കമ്മ്യൂണിറ്റി കിച്ചൺ വഴിയാണ് നാനൂറ് പേർക്കുള്ള ബിരിയാണി കുടുംബത്തിന്റെ വകയായി നൽകിയത്. തേക്കിൻകാട് സ്‌കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ സാന്ദ്രാദാസിന്റെ അമ്മാവൻ ഷിബു സന്നദ്ധ പ്രവർത്തകർക്ക് വിതരണത്തിനായി ഭക്ഷണപൊതികൾ ബി. സത്യൻ എം .എൽ .എ ക്ക് കൈമാറി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം .രഘു, സ്ഥിരംസമിതി അധ്യക്ഷൻ നെടുമ്പറമ്പ് പി. സുഗതൻ, എൻ .ചന്ദ്രശേഖർ നായർ തുടങ്ങിയവർ പങ്കെടുത്തു.