തിരുവനന്തപുരം: കൊവിഡ് ഹോട്ട് സ്പോട്ടായി തുടരുന്ന തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ഇന്നും ശക്തം. നഗര അതിർത്തികൾ അടച്ചും പ്രധാന റോഡുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ചും രാവിലെ എട്ടുമുതൽ തന്നെ കർശനമായ പരിശോധനയാണ് നഗരത്തിൽ നടന്നുവരുന്നത്.
അത്യാവശ്യയാത്രക്കാരെയും സർക്കാർ ജീവനക്കാരെയുമല്ലാതെ ഒരാളെയും റോഡിലിറങ്ങാൻ അനുവദിക്കരുതെന്ന കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് അനാവശ്യമായി കറങ്ങാനിറങ്ങുന്നവരെ കൈയ്യോടെ പൊക്കുകയാണ് പൊലീസ്. സത്യവാങ്ങ്മൂലമോ മതിയായ കാരണമോ ഇല്ലാതെ കാഴ്ചകൾ കാണാനിറങ്ങിയ പതിനേഴോളം പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് രാവിലെ പിടികൂടിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് റെഡ് സോൺ, ഹോട്ട് സ്പോട്ട് മേഖലകളിലൊഴികെ, ഏഴ് ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകളുടെ തിക്കും തിരക്കും വർദ്ധിച്ചതോടെയാണ് ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് ഒളിച്ചെത്തിയ നാലുപേരെ ഇന്നലെയും ഒരാളെ ഇന്നും പ്രാവച്ചമ്പലത്ത് നിന്ന് പൊലീസ് പിടികൂടി ക്വാറന്റൈനിലാക്കി.
വാഹന പരിശോധന കർശനമായതോടെ ബൈപ്പാസിലും ദേശീയപാതയിലും ആളുകളുടെ തിരക്ക് അൽപ്പം കുറഞ്ഞിട്ടുണ്ട്. എം..ജി റോഡിലും ഇന്ന് യാത്രക്കാർ കുറവാണ്. അതേസമയം നഗരത്തിലെ പ്രധാനമാർക്കറ്റായ ചാലയിലേക്ക് പലസ്ഥലങ്ങളിൽ നിന്നായി ധാരാളം പേർ സാധനങ്ങൾ വാങ്ങാനായി എത്തുന്നുണ്ട്. സാമൂഹ്യ അകലവും സുരക്ഷയും പാലിച്ച് കരുതലോടെയാണ് ഇവിടെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം. കിള്ളിപ്പാലം, കരമന, ഫോർട്ട്, അട്ടക്കുളങ്ങര, ഈഞ്ചയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് പരിശോധനകൾ ഊർജിതമാക്കി. ഉള്ളൂർ, ശ്രീകാര്യം , കഴക്കൂട്ടം, മണ്ണന്തല പ്രദേശങ്ങളിലും പരിശോധനകൾ ശക്തമാണ്. അനാവശ്യ കറക്കക്കാരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നഗരത്തിന്റെ പല ഭാഗങ്ങളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണം പിൻവലിക്കും വരെ നഗരത്തിൽ പരിശോധന കർശനമായി തുടരാനാണ് പൊലീസിന്റെ തീരുമാനം.