
ഇടുക്കി: ഇടുക്കിയിലെ അതിർത്തി പ്രദേശങ്ങളിൽ ലോക് ഡൗണ്‍ ഇളവിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അതിർത്തി കടന്നെത്തിയത് ഇരുപതോളം പേരെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എറ്റവും കൂടുതൽ ആളുകൾ അനധികൃതമായി അതിർത്തി കടന്ന തേവാരംമേട്ടിൽ പൊലീസ് ഔട്ട് പോസ്റ്റ് തുറന്നു.
തമിഴ്നാട്ടില്‍ നിന്ന് തേവാരംമേട്ടിലെ വനത്തിലൂടെ മൂന്നു കിലോമീറ്റർ യാത്രചെയ്താല്‍ കേരളത്തിലെത്താം. ഇത് കണക്കിലെടുത്താണ് പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയത്. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതുവരെ അതിർത്തി കടക്കാൻ ശ്രമിച്ച 35 പേരെ പൊലീസ് പിടികൂടി.15 പേരെ തമിഴ്നാട്ടിലേക്ക് മടക്കി അയച്ചു. 20 പേരെ ഉടുമ്പൻചോല താലൂക്കിൽ 3 കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കോവിഡ് രോഗ വ്യാപനം കൂടുന്നതിനാല്‍ ജില്ലയിലെ 28 അതിര്‍ത്തി വാര്‍ഡുകളിലാണ് നിരോധനാജ്ഞ തുടരുന്നത്. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആളുകള്‍ രാത്രി ഇടുക്കിയിലേക്ക് കടക്കുന്നുണ്ട് കേരളത്തിലേക്ക് കടന്നാല്‍ ഈയാഴ്ച്ച തോട്ടങ്ങളില്‍ ജോലിക്ക് കയറാമെന്ന് കരുതിയാണ് ആളുകളെത്തുന്നത്.