dharavi-

മുംബയ്: ഇന്ത്യയിൽ കൊവിഡിന്റെ ഹോട്ട് സ്പോട്ടായി മാറുകയാണോ മഹാരാഷ്‌ട്ര? ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇവിടത്തെ ധാരാവിയെ പറ്റിയാണ് ഓരോ ഇന്ത്യക്കാരും ഇപ്പോൾ ആശങ്കപ്പെടുന്നത്. അടുക്കി നിരത്തിയ കെട്ടിടങ്ങൾക്കുള്ളിൽ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യർ. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ ചേരി പ്രദേശത്ത് സാമൂഹിക അകലം പാലിക്കുക എന്നതൊക്കെ യാഥാർത്ഥ്യമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ദിനംപ്രതി ധാരാവിയിലെ കൊവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. ധാരാവിയിൽ കൊവിഡിനെ നിയന്ത്രണവിധേയമാക്കാൻ കഴി‌ഞ്ഞില്ലെങ്കിൽ ഒരു ടൈം ബോംബ് പോലെ വൈറസ് മഹാരാഷ്‌ട്രയൊട്ടാകെ പടർന്നുപിടിച്ചേക്കാം. ഭീതിയോടെയാണ് ധാരാവിയിലെ മനുഷ്യർ ജീവിക്കുന്നത്. ചെറിയ മുറികളിൽ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ഇവർക്ക് മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമില്ല. ഒരു ഭാഗത്ത് കൊവിഡ്. മറ്റൊരു ഭാഗത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും.

179 കൊവിഡ് കേസുകളാണ് ഇതുവരെ ധാരാവിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 12 പേർ മരിച്ചു. ധാരാവിയിലെ യഥാർത്ഥ ജനസംഖ്യ ഇപ്പോൾ ഔദ്യോഗിക രേഖകളിലേതിനേക്കാൾ വളരെ കൂടുതലാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നും നിരവധി തൊഴിലാളികൾ ഇവിടെ ജോലിക്കെത്താറുണ്ട്. ലോക്ക്ഡൗണായതിനാൽ ഇവർ ധാരാവിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ശക്തമായ നിയന്ത്രണങ്ങളും പരിശോധനയും ധാരാവിയിൽ ഇപ്പോൾ മഹാരാഷ്‌ട്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത് മാത്രം മതിയോ ? 7 ലക്ഷത്തിലേറെ ജനങ്ങളാണ് ധാരാവിയിൽ താമസിക്കുന്നത്. 2.1 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ജനസാന്ദ്രതയേറിയ ധാരാവിയുടെ എല്ലാ ഭാഗത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ല എന്നാണ് ആരോപണം. ഇത് ഉറപ്പാക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരും ഇവിടെയില്ല.

ഇക്കാര്യങ്ങൾ മുൻ നിറുത്തി തങ്ങളുടേതായ ഒരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ധാരാവിയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർ‌. ധാരാവിയിൽ ആദ്യ കൊവിഡ് കേസും മരണവും റിപ്പോർട്ട് ചെയ്തത് ബാലിഗ നഗറിലാണ്. അതീവ ജാഗ്രതയിൽ തുടരുന്ന ഈ മേഖലയിലെ എവർഷൈൻ മീഡൗസ് ബിൽഡിംഗ്സ് എന്ന കെട്ടിടസമുച്ചയത്തിലെ അന്തേവാസികളാണ് കൊവിഡിനെതിരെ പൊരുതാൻ സർക്കാരുമായി കൈകോർത്തിരിക്കുന്നത്. 240 ചെറു ഫ്ലാറ്റുകളാണ് ഈ കെട്ടിടസമുച്ചയത്തിലുള്ളത്. രാജ്യം ലോക്ക്ഡൗണിൽ തുടരുമ്പോൾ സ്വയം ഐസൊലേഷൻ നിയമങ്ങൾ പാലിച്ച് മാതൃകയാവുകയാണ് ഇവർ. ഇതിനായി ഇവിടത്തെ അന്തേവാസികൾ തന്നെയാണ് വോളന്റിയർമാരായിരിക്കുന്നത്.

കെട്ടിട സമുച്ചയത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽ ഒരു സാനിറ്റൈസേഷൻ ചേംബർ ഒരുക്കിയിട്ടുണ്ട്. പാൽ, പച്ചക്കറി, പഴങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇവരുടെ നേതൃത്വത്തിൽ തന്നെ താമസക്കാർക്ക് വീട്ടിൽ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവർക്ക് ചേരി വിട്ട് പുറത്തേക്ക് പോകേണ്ട കാര്യമില്ല. തങ്ങൾ താമസിക്കുന്നിടത്തേക്ക് പുറത്ത് നിന്നും ആരും കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സാമൂഹിക അകലവും സർക്കാർ നിർദ്ദശങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും നാല് മണിക്കൂർ വീതം ഇവിടത്തെ ഓരോ വോളന്റിയർമാർ മുന്നിട്ടിറങ്ങുന്നു. ബാലിഗ നഗർ മേഖലയിൽ കൊവിഡ് നിയന്ത്രാണാവിധേയമാക്കാനുള്ള സ്വയം പരിശ്രമത്തിലാണ് ഇവർ. ധാരാവിയിലെ ഓരോ മേഖലയിലുള്ളവരും ഇതുപോലെ സ്വയം മുൻകരുതലുകൾ സ്വീകരിക്കാൻ തയാറായാൽ കൊവിഡിന്റെ വ്യാപനം തടയാമെന്ന് ഇവർ പറയുന്നു.