തിരുവനന്തപുരം: സാലറി ചലഞ്ചിന് ബദൽ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ഒരു മാസത്തിൽ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കുവാനാണ് സർക്കാർ തീരുമാനം. അഞ്ച് മാസത്തേക്കാണ് നടപടി. പിന്നീട് സർക്കാർ സാമ്പത്തികസ്ഥിതി മെച്ചമാകുമ്പോൾ ജീവനകാർക്ക് പണം തിരിച്ച് നൽകാനാണ് തോമസ് ഐസക്ക് മന്ത്രിസഭ യോഗത്തിൽ വച്ച നിർദ്ദേശം.ഇത് ജീവനകാർക്ക് വലിയ പ്രയാസം സൃഷ്ടിക്കില്ലയെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളം പിടിക്കാനാണ് സർക്കാർ തീരുമാനം.ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകാരുടെയുമടക്കം ശമ്പളം പിടിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രതിപക്ഷ ആരോപണങ്ങളെ തുടർന്നും കോടതി സാലറി ചലഞ്ചിനെ ചോദ്യം ചെയ്യാനുമുള്ള സാധ്യതയുള്ളതിനാലുമാണ് സർക്കാർ സാലറി ചലഞ്ചിന് ബദൽ കണ്ടെത്തിയത്.പെൻഷൻകാരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.സർക്കാരിന് മുന്നിലുള്ള പല നിർദ്ദേശങ്ങളിൽ ഏറ്റവും പ്രായോഗികമെന്ന് വിലയിരുത്തിയ നടപടിയാണ് മന്ത്രിസഭായോഗം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, ബോർഡ്-കോർപ്പറേഷൻ അദ്ധ്യക്ഷൻമാർ,ജനപ്രതിനിധികൾ എന്നിവരുടെ ശമ്പളത്തിൽ നിന്നും മുപ്പത് ശതമാനം പിടിക്കാനും തീരുമാനമായി. ഇരുപതിനായിരത്തിൽ താഴെ ശമ്പളമുള്ളവർക്ക് നിർബന്ധിത പിടിത്തമുണ്ടാകില്ല. മാത്രമല്ല ഈ തുക ജീവനക്കാര്‍ക്ക് തന്നെ മടക്കി നൽകുമെന്നും ധാരണയുണ്ട്. ഇക്കാര്യം കൂടി രേഖപ്പെടുത്തിയായിരിക്കും ഉത്തരവ് ഇറങ്ങുകയെന്നാണ് വിവരം.
ആറ് ദിവസത്തെ ശമ്പളം വച്ച് അഞ്ച് മാസം പിടിക്കുകയും അതോടൊപ്പം തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്യുന്നതോടെ ജീവനക്കാരുടെ എതിര്‍പ്പ് അത്രകണ്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡി.എ കുടിശ്ശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡി.എ കുടിശക മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പരിഗണനയ്ക്ക് വന്നിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപന സ്ഥിതി ആശാവഹമല്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അതിര്‍ത്തികളിൽ പുലര്‍ത്തേണ്ട ജാഗ്രതയും അടക്കം സമഗ്ര വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്ക് വന്നു.