thomas-isaac

തിരുവനന്തപുരം: ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചുമാസങ്ങളിലായി പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഡോക്‌ടർമാർ. ആരോഗ്യ പ്രവർത്തകരുടെ ശ‌മ്പളം പിടിച്ചാൽ കോടതിയിൽ പോകുമെന്ന മുന്നറിയിപ്പുമായി ഡോക്‌ടർമാർ രംഗത്തെത്തി. സർക്കാർ ജീവനക്കാരായ ഡോക്‌ടർമാരുടെ സംഘടന കെ.ജി.എം.ഒയാണ് നിലപാട് വ്യക്തമാക്കിയത്.

കൊവിഡിനെതിരെ ജീവൻ പണയം വച്ച് പോരാടിയ സർക്കാർ ജീവനക്കാരായ ആരോ​ഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗ‍ർഭാ​ഗ്യകരമാണെന്ന് കെ.ജി.എം.ഒ അഭിപ്രായപ്പെട്ടു. സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി പ്രൊത്സാഹിപ്പിക്കുന്നതിന് പകരം ഉള്ള ശമ്പളം കൂടി പിടിക്കുന്നത് ശരിയല്ലെന്നും കെ.ജി.എം.ഒ ചൂണ്ടിക്കാട്ടി.

ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്‍.ജി.ഒ അസോസിയേഷന്‍ കോടതിയെ സമീപിക്കും. തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ വിലയിരുത്തുന്നത്. കെ.എസ്.ആർ.ടി.സിയിലും സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.