കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ചിൽ ഡൽഹിയിലേക്ക് വിനോദയാത്ര പോയ ഇവർ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഉണ്ടായിരുന്ന ട്രെയിനിലാണ്.ഇങ്ങനെയാകാം ഇവർക്ക് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്.
ഈ വർഷം കോഴ്സ് കഴിഞ്ഞശേഷം ഹൗസ് സർജൻസിക്ക് ചേർന്നവരാണ് രണ്ടുപേരും. കോഴ്സ് കഴിഞ്ഞതിനെ തുടർന്നാണ് ഇവർ ഡൽഹിയിലേക്ക് വിനോദയാത്ര പോയത്. തിരികെയെത്തിയ ഇവരെ മെഡിക്കൽകോളേജിന് സമീപത്തെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വിവിധ ജില്ലകളിൽ നിന്നുള്ളവരായതിനാൽ ഹൗസ് സർജൻസിക്ക് മുന്നോടിയായി എല്ലാവരെയും സ്ക്രീനിംഗ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. മെഡിക്കൽകോളേജിലെ ആറ് അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകിയത്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.ഹൗസ് സർജന്മാരുമായി ബന്ധപ്പെട്ടമറ്റുള്ളവർക്ക് രോഗബാധ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇവർ ചില കൂട്ടുകാരുമായി ഇടപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.