ചെന്നൈ: നഗരത്തിൽ കൂടുതൽ മാദ്ധ്യമ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 മാദ്ധ്യമ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ ഒരു തമിഴ് ചാനലിലെ ജീവനക്കാരാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ മാദ്ധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി.
ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെ ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനൽ ഇന്ന് തത്സമയ സംപ്രേക്ഷണം നിർത്തിയിരുന്നു. ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ മാദ്ധ്യപ്രവർത്തകർ നിരീക്ഷണപട്ടികയിൽ വരും.കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് പത്രത്തിലെ ലേഖകൻ ആരോഗ്യ സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. ഇൗ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കായി പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്.
തമിഴ്നാട്ടിൽ ചെന്നൈ കഴിഞ്ഞാൽ കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തിരുനെൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. കോയമ്പത്തൂരിൽ 134പേർക്കും തിരുപ്പൂരിൽ 109 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് ദിവസത്തിനുള്ളിൽ ചെന്നൈയിൽ മാത്രം ഇരുന്നൂറോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കേരളത്തിന്റെ അതിർത്തി പ്രദേശമായ തെങ്കാശിയിലും കൊവിഡ് പടരുകയാണ്.