പാലോട്: കുളത്തൂപ്പുഴയുള്ള ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ അതിർത്തിയായ പാലോട് ചല്ലിമുക്കിൽ പൊലീസ്, റവന്യൂ, ആരോഗ്യ ,ഫുഡ് ആൻഡ് സേഫ്ടി വകുപ്പുകളുടെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കി. യാതൊരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുന്നവരെ തിരികെ വീട്ടിലേക്ക് അയക്കുന്നുണ്ട്. പച്ചക്കറി വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.ഇതിനിടെ കണ്ണൂരിൽ നിന്ന് കൊണ്ടുവന്ന ഒരു ലോഡ് തേങ്ങ വിതുര ഫയർഫോഴ്സിന്റെ സഹായത്തോടെ അണു വിമുക്തമാക്കി. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപവും പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശം ലഭിക്കുന്നതുവരെ കർശന പരിശോധന തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും. പാലോട് സി.ഐ സി.കെ. മനോജും എസ് ഐ സതീഷ് കുമാറും അറിയിച്ചു.