കൊച്ചി: സ്പ്രിംക്ലർ കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതൽ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും കൂടാതെ സ്‍പ്രിംക്ലറുമായുള്ള കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം സ്പ്രിംക്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകുമെന്നാണ് റിപ്പോർട്ട്. അതീവ പ്രാധാന്യമുള്ള വ്യക്തിഗത വിവരങ്ങൾ സ്പ്രിംക്ളർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നും കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
സർക്കാർ മേഖലയിൽ വിവര ശേഖരണത്തിന് നിരവധി ഐ.ടി കമ്പനികളുണ്ടെങ്കിലും മാസ് ഡാറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ളറിനെ തെരഞ്ഞെടുത്തത്. സർക്കാർ കമ്പനികൾ ഇത്തരം ഡാറ്റാ അനാലിസിസ് സോഫ്‍റ്റ്‍വെയർ പൂർണ സജ്ജമാക്കാൻ മാസങ്ങൾ എടുത്തേക്കും.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിന് കാത്ത് നിൽകാൻ കഴിയുമായിരുന്നില്ല.വിവര ചോർച്ച തടയാനുള്ള ക്രമീകരണങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. കരാറിൽ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ സർക്കാർ തന്നെ മൂന്നംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നും കോടതിയെ അറിയിക്കും.