cops

മുംബയ് : കടുത്ത ആശങ്കവിതച്ച് മഹാരാഷ്ട്രയിൽ കൊവിഡ് പടരുന്നതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടി​യി​ലുണ്ടായി​രുന്ന രണ്ട് വനിതാപൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു അസിസ്റ്റന്റ് ഇൻസ്‌പെക്ടർക്കും ഒരു കോൺസ്റ്റബിളിനുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന 'വര്‍ഷ'യിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇരുവരും.

രണ്ട് ദിവസത്തിൽ കൂടുതൽ ഇവർ ഔദ്യോഗിക വസതിയിൽ ജോലിക്കുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. ഇരുവരെയും ആശുപത്രിയിലാക്കി. ഇവരുടെ സമ്പർക്കപട്ടിക തയ്യാറാക്കി വരികയാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ആറുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ബാന്ദ്രയിലെ വസതിയിലാണ് താമസം. ഔദ്യോഗിക കാര്യങ്ങൾക്ക് മാത്രമേ വർഷയിലെത്താറുള്ളൂ. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. സംസ്ഥാനത്ത് ഇതുവരെ 37 പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.