covid

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ അയവു വരുന്നതും കാത്ത് അക്ഷമരായിരിക്കുന്നവരെ യാഥാർത്ഥ്യങ്ങളിലേക്ക് നയിക്കുന്നതാണ് രോഗവ്യാപനം സംബന്ധിച്ചുള്ള ഓരോ ദിവസത്തെയും സ്ഥിതിവിവരങ്ങൾ. രണ്ടുദിവസം തുടർച്ചയായി രാജ്യത്ത് ഏറ്റവും കുറവു കൊവിഡ് രോഗം റിപ്പോർട്ട് ചെയ്ത കേരളത്തിൽ പോലും ചൊവ്വാഴ്ച 19 പുതിയ രോഗികളുണ്ടായി എന്നത് മഹാമാരിയുടെ ഒളിഞ്ഞിരിക്കുന്ന ഭീകരതയാണു കാണിക്കുന്നത്. രാജ്യമൊട്ടാകെ പുതുതായി കഴിഞ്ഞ ദിവസം 1336 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയോളം മഹാരാഷ്ട്രയിലാണ്. അവിടത്തെ സ്ഥിതി പഠിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര വിദഗ്ദ്ധ സംഘത്തിന്റെ നിഗമന പ്രകാരം ഈ മാസം തീരുന്ന മുറയ്ക്ക് മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വലിയ തോതിൽ ഉയരും. ഫലപ്രദമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ മേയ് പകുതിയാവുമ്പോൾ കൊവിഡ് കേസുകൾ ഭീമമാകാനും സാദ്ധ്യതയുണ്ടത്രെ. പിടിച്ചാൽ പിടികിട്ടാത്ത വിധം കാര്യങ്ങൾ പോയാൽ ഇതുവരെ ചെയ്തതത്രയും പാഴ‌്‌വേലയാകുമെന്ന് അർത്ഥം. പത്തുലക്ഷത്തോളം പേർ തിങ്ങിഞെരുങ്ങി ജീവിക്കുന്ന ധാരാവിയാണ് മുംബയ് നഗരത്തിലെ ഏറ്റവും വലിയ ഹോട്ട് ‌സ്പോട്ട്. . കേന്ദ്ര സംഘത്തിന്റെ രോഗവ്യാപനം സംബന്ധിച്ച വിലയിരുത്തലിനോട് മഹാരാഷ്ട്ര സർക്കാർ യോജിക്കുന്നില്ലെങ്കിലും രോഗം രാക്ഷസ രൂപം കൈക്കൊണ്ടാലുണ്ടാകാവുന്ന സ്ഥിതിയോർത്ത് ആശങ്ക ഇല്ലാതില്ല. ഗുജറാത്ത്, രാജസ്ഥാൻ, യു.പി, തമിഴ്‌നാട്, ഡൽഹി, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നതല്ലാതെ കുറയുന്നില്ല.

കവിഞ്ഞ തോതിൽ രോഗ പരിശോധനയ്ക്ക് ഉതകുമെന്നു പ്രതീക്ഷിച്ചു വാങ്ങി ശേഖരിച്ച ടെസ്റ്റ് കിറ്റുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ ദ്രുതപരിശോധന നിറുത്തിവയ്ക്കാൻ ഐ.സി.എം.ആർ നിർദ്ദേശിച്ചിരിക്കുകയാണ്. ചൈനയിൽ നിന്ന് വൻതോതിൽ ഇറക്കുമതി ചെയ്ത കിറ്റുകളാണു സംശയനിഴലിലായിരിക്കുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആദ്യം തന്നെ കിറ്റിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. നിലവാരമില്ലാത്ത കിറ്റുകൾ ബംഗാളിലേക്ക് അയച്ച് കേന്ദ്രം വിവേചനം കാട്ടുകയാണെന്നായിരുന്നു ആക്ഷേപം. ബംഗാളിനു പിറകെ രാജസ്ഥാനും ഇതേ ആക്ഷേപവുമായി രംഗത്തുവന്നത് പ്രശ്നം കൂടുതൽ ഗൗരവമുള്ളതാണെന്ന് ബോദ്ധ്യമാക്കുന്നു. രോഗനിർണയം ഉറപ്പിക്കാനുള്ള പരിശോധന ഫലപ്രദമല്ലെന്നു വന്നാൽ പ്രതിരോധ യത്നങ്ങളത്രയും പാഴാകും.

ചൊവ്വാഴ്ച പുതുതായി പട്ടികയിൽ ഇടംപിടിച്ച 19 രോഗികളിൽ പത്തും കണ്ണൂരിലുള്ളവരാണ്. രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് പൊലീസ് എല്ലായിടത്തും കാവൽ നിൽക്കുകയാണ്. മഹാമാരിയുടെ വിപത്ത് പ്രത്യക്ഷത്തിൽ ബോദ്ധ്യമായിട്ടും നിയന്ത്രണങ്ങൾ മറികടക്കാനുള്ള ജനങ്ങളുടെ അമിതാവേശം വലിയ വിനയാണു സമൂഹത്തിനു വരുത്തിവയ്ക്കുന്നത്. . രോഗവ്യാപനം പ്രവചനാതീതമായ നിലയിലായതിനാൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും തുടരേണ്ടതായിട്ടാണിരിക്കുന്നത്. പ്രതിസന്ധി മറികടക്കുക അത്ര എളുപ്പമല്ലെന്ന കാര്യമാണ് കൊവിഡ് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നത്. എല്ലാം നേരിടാൻ സർക്കാരും ജനങ്ങളും ഒരുമിച്ച് തയ്യാറാകേണ്ടതുണ്ട്. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ഇതിൽ പ്രധാനം. നിയന്ത്രണത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട്
തെരുവുകളിലും ക്ളബുകളിലും ഇപ്പോഴും അർമ്മാദിച്ചു നടക്കുന്ന അമേരിക്കയെപ്പോലുള്ള രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് ഇവിടെയും ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങൾക്കുപരി വ്യക്തിസ്വാതന്ത്ര്യമാണ് പരമ പ്രധാനമെന്നു കരുതുന്ന അമേരിക്കയിൽ കൊവിഡ് പിടിപെട്ട് മരിച്ചവരുടെ സംഖ്യ അരലക്ഷത്തോടടുക്കുന്നു. എട്ടുലക്ഷം പേർക്കാണു രോഗബാധ.

ഇന്ത്യയിൽ ലോക്ക് ഡൗൺ മേയ് മൂന്നിന് അവസാനിക്കേണ്ടതാണ്. രോഗം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീട്ടുമോ എന്ന് അറിവായിട്ടില്ല. നിയന്ത്രണങ്ങൾ ഒറ്റയടിക്കു നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന ശക്തമായ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. അതീവ കരുതലോടുകൂടി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാവൂ. അതും ഘട്ടം ഘട്ടമായി. കൊവിഡിനെ വരുതിയിലാക്കാൻ ഇനിയും മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ പരമാവധി കരുതലെടുക്കുക മാത്രമാണ് മുന്നിലുള്ള വഴി. സമ്പർക്ക വിലക്കും സമൂഹ അകലം പാലിക്കലും പ്രതിരോധത്തിന്റെ ഫലപ്രദമായ വഴികളാണ്. പരമാവധി പേർ വീടുകളിൽത്തന്നെ അടച്ചുകഴിഞ്ഞാൽ രോഗവ്യാപനം ഗണ്യമായി തടയാനാകും.

മഹാമാരി സമ്പദ് വ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന കടുത്ത ആഘാതം മറികടക്കാനുദ്ദേശിച്ചാണ് വലിയ രാജ്യങ്ങൾ പോലും നിയന്ത്രണങ്ങളിൽ അയവു വരുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയും ഏറെ കരുതലോടെ ഉത്‌പാദന മേഖലകളെ വീണ്ടും ചലിപ്പിക്കാനുള്ള വഴിയേ നീങ്ങുകയാണ്. ധനാഗമ മാർഗങ്ങൾ ഏതാണ്ട് അടഞ്ഞിരിക്കുന്നതിനാൽ സമ്പദ് രംഗത്തിന്റെ ഉയിർത്തെഴുന്നേല്പ് അടിയന്തരാവശ്യമായിട്ടുണ്ട്. ലോക്ക് ഡൗണിൽ ഇതിനകം പ്രഖ്യാപിച്ച ഇളവുകളിൽ പലതും ഇതേ ലക്ഷ്യം വച്ചുള്ളതാണ്. സാമ്പത്തിക മേഖല കുറെയെങ്കിലും സജീവമായാലേ മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം തെല്ലെങ്കിലും കുറയൂ. പൂർണമായും നിശ്ചലമായിക്കിടക്കുന്ന പൊതു ഗതാഗത മേഖലയാണ് ഏറെ ഉത്‌ക്കണ്ഠ ജനിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ കുടുംബങ്ങളും ഇതിന്റെ വേവലാതി അനുഭവിക്കുന്നവരാണ്. എന്നാൽ രോഗവ്യാപനം തടഞ്ഞുനിറുത്താൻ പൊതുഗതാഗതം നിറുത്തിവയ്ക്കേണ്ടത് അനിവാര്യമാണ്.

കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം അതിന്റെ തനി രൂപത്തിൽ അനുഭവപ്പെടാനിരിക്കുന്നതേയുള്ളൂ. അതിൽ നിന്നു കരകയറാനുള്ള വഴികൾ ഇപ്പോഴേ ആലോചിച്ചു നടപ്പാക്കിയില്ലെങ്കിൽ ഭാവി വളരെ ഇരുൾ മൂടിയതാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ നാളത്തേക്കുള്ള കരുതലിന് ഇന്നേ തയ്യാറെടുപ്പ് തുടങ്ങേണ്ടതുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യധാന്യ സ്റ്റോക്ക് ഇപ്പോൾ ഭദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമൊക്കെ ആവശ്യത്തിനു ശേഖരിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധി നീളുകയും അവശ്യ സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുകയും ചെയ്താൽ സ്ഥിതി രൂക്ഷമാകും. സംസ്ഥാനം താരതമ്യേന അവഗണിച്ചിട്ടിരിക്കുന്ന കാർഷിക മേഖലയുടെ ഉദ്ധാരണമാണ് പ്രധാനം. നാമമാത്രമായി സ്ഥലമുള്ളവരും എന്തെങ്കിലുമൊരു കൃഷി ചെയ്യാൻ സന്നദ്ധരാകണം. സർക്കാർ അടുത്ത രണ്ടുവർഷം കൊണ്ട് പുതുതായി 25000 ഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിക്കാൻ പരിപാടിയിട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാകില്ല. ജനങ്ങളും കൃഷിയിൽ കൂടുതൽ താത്‌പര്യം കാണിക്കണം. പച്ചക്കറിയുടെ കാര്യത്തിലെങ്കിലും സ്വാശ്രയത്വം നേടാനായാൽ അതു വലിയ കാര്യമാകും.