മുംബയ്: സുരക്ഷാജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭവനനിർമാണ വകുപ്പ് മന്ത്രിയായ ജിതേന്ദ്ര അവാദിനെയാണ് മുലുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിലാക്കിയത്.
നേരത്തെ മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു. അതിനാൽ മുൻകരുതൽ എന്ന നിലയ്ക്ക് 14 ദിവസം നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം പറയുന്നത്.
നേരത്തേ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ ബാന്ദ്രയിലെ ഓദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 5218 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യയും കൂടുകയാണ്.