എറണാകുളം: സ്‍പ്രിൻക്ലർ കരാറിൽ നിലപാട് വ്യക്തമാക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്‍പ്രിൻക്ലർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാദ്ധ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് സ്‍പ്രിൻക്ലറുമായുണ്ടാക്കിയ കരാർ എന്നാണ് സർക്കാർ കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സർക്കാർ മേഖലയിൽ വിവര ശേഖരണത്തിന് നിരവധി ഐ.ടി കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിൻക്ളറിന്‍റെ തെരഞ്ഞെടുപ്പ്. സർക്കാർ കമ്പനികൾ ഇത്തരം ഡേറ്റാ അനാലിസിസ് സോഫ്‍റ്റ്‍വെയര്‍ സജ്ജമാക്കാൻ മാസങ്ങൾ എടുത്തേക്കും.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ അതിന് കാത്ത് നിൽകാൻ കഴിയുമായിരുന്നില്ല. സാങ്കേതികമായി അടക്കം എല്ലാതരത്തിലും ഇങ്ങനെ സജ്ജമായതിനാലാണ് കേരളം ലോകത്തിന് മുന്നിൽ നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന് 41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത്. ഇതിൽ രണ്ട് ചോദ്യങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങൾ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാദ്ധ്യമാകില്ലെന്നും സർക്കാർ വ്യക്തമാക്കും.