chala
chala

തിരുവനന്തപുരം: ''നിങ്ങൾ മുഖവും കൈയും കാലുമൊക്കെ സോപ്പിട്ട് കഴുകി വൃത്തിയാക്കി അണുവിമുക്തമായെന്ന് ഉറപ്പുവരുത്തിയ ശേഷമേ വീടിനുള്ളിൽ പ്രവേശിക്കാവൂ. അതുവരെ മുഖാവരണം അങ്ങനെയിരിക്കട്ടെ. അത് എടുത്ത് നോക്കുക പോലും ചെയ്യരുത്...''

എവിടെ നിന്നാണ് ഈ അറിയിപ്പെന്നറിയാൻ ചാല മാർക്കറ്റിലെത്തുന്നവർ ചുറ്റുമൊന്ന് പരതും. പൊലീസിന്റെ അറിയിപ്പെന്നായിരിക്കും ആദ്യം വിചാരിക്കുക. അതാ,​ മുണ്ടും ഷർട്ടും ധരിച്ചൊരാൾ കൈയിൽ മെഗാഫോണും പിടിച്ച് എല്ലായിടത്തും ഓടി നടക്കുന്നു.

മാർക്കറ്റിനടുത്തുള്ള കരിമഠം കോളനിയിലെ പൊതുപ്രവർത്തകൻ സി.പി.ഹരിയാണിത്. രാവിലെ മുതൽ ഉച്ചവരെ ചാലയിലെ മുക്കിലും മൂലയിലും നടന്ന് ബോധവത്കരണം നടത്തും. ഒരു പ്രതിഫലവും ഇച്ഛിക്കാത.

തിരക്കേറിയ മാർക്കറ്റാണ് ചാല. അവിടെ സാമൂഹ്യ അകലം പലപ്പോഴും പ്രായോഗികമാകാറില്ല. മാസ്ക് ധരിച്ചുവരുന്നവർ വില ചോദിക്കാനും മറ്റുമായി മാസ്ക് മാറ്റാൻ ശ്രമിക്കും. അപ്പോൾ ഹരിയുടെ അനൗൺസ്‌മെന്റ് എത്തും. 'പാടില്ല, മാസ്ക് മാറ്റരുത്. അപകടം!' കേൾക്കുന്നവർ അപ്പോൾ മാസ്ക് ശരിയായി വയ്ക്കും. എന്നു കരുതി എല്ലാവരും ആരോഗ്യശീലം പാലിക്കുന്നവരല്ലെന്ന് ഒരു ചൂടൻ അനുഭവത്തിൽ നിന്നു ഹരി തരിച്ചറിഞ്ഞു. ബൈക്കിൽ അതുവഴി പോയ ആളോട് മാസ്ക് ധരിക്കണമെന്ന് ഉപദേശിക്കാൻ ചെന്നു. കിട്ടിയത് അടി!

പൊതുവായി വരുന്ന ഏതു കാര്യത്തിലും തന്റേതായ രീതിയിൽ ഇടപെടുന്ന ആളാണ് ഹരി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് രാമായണ പാരായണ പ്രതിഷേധം നടത്തിയിരുന്നു.

രാവിലെ ഉറക്കം എണീറ്റ് പല്ലുതേച്ച് ഏഴിന് എത്തുന്ന ഹരിക്ക് ബോധവത്കരത്തിന് ഊർജം നൽകാനൊരു ചായ തട്ടുകടക്കാരൻ മോഹനൻ നൽകും. അറിയിപ്പ് നടത്തി വെയിലേറ്റ് വാടി വരുമ്പോൾ ഭക്ഷണം മദീന ഹോട്ടലുകാരൻ നൽകും.