tulips

ടോക്കിയോ: ടുലിപ് പൂക്കൾ പൂത്തുലഞ്ഞ് നില്ക്കുന്ന മനോഹരമായ കാഴ്ച കാണാൻ ജപ്പാൻകാർ ഇനി അടുത്ത വർഷം വരെ കാത്തിരിക്കണം. ഓരോ വർഷവും ജപ്പാനിൽ ടുലിപ്, ചെറി ബ്ലോസം സീസണുകളിൽ ലക്ഷക്കണക്കിന് പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകരായെത്തുന്നത്. എന്നാൽ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ആളുകൾ ഒത്തുകൂടുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ടുലിപ് വസന്തം കാണാനായി എങ്ങനെയെങ്കിലും ജപ്പാൻകാർ ശ്രമിക്കാതിരിക്കില്ല. ഒടുവിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കാനായി ഒരു ലക്ഷത്തിലധികം ടുലിപ് പൂക്കളാണ് ജപ്പാനിലെ ഒരു പാർക്കിൽ നശിപ്പിക്കേണ്ടി വന്നത്.

ടോക്കിയോയ്ക്ക് 50 കിലോമീറ്റർ കിഴക്കുള്ള സകൂറ ഫുറുസേറ്റോ സ്ക്വയറിൽ നടക്കേണ്ടിയിരുന്ന ടുലിപ് ഫെസ്‌റ്റിവൽ ഉപേക്ഷിക്കുകയും തുടർന്ന് ലക്ഷക്കണക്കിന് പൂക്കൾ പറിച്ച്മാറ്റുകയുമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൂക്കൾ കാണാനായി ആളുകളെത്തുമെന്നതിനാലാണ് അവ ഇല്ലാതാക്കിയതെന്ന് പാർക്ക് അധികൃതർ പറഞ്ഞു. കഴിഞ്ഞാഴ്ച നിരവധി പേരാണ് ഇവിടെ ടുലിപ് പൂക്കൾ കാണാനെത്തിയത്. 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ നിറങ്ങളിലെ ടുലിപ് പൂക്കളായിരുന്നു ഇവിടെ വിരിഞ്ഞു നിന്നത്. 281 പേരാണ് രാജ്യത്ത് ഇതേവരെ കൊവിഡ് ബാധിച്ച് മരിച്ചത്.