വർക്കല: ഹോട്ട് സ്‌പോട്ടായ വർക്കലയിൽ സർക്കാർ നിർദ്ദേശങ്ങളും വിലക്കുകളും ലംഘിച്ച് വാഹനങ്ങളുമായി റോഡിലിറങ്ങിയവരെ പൊലീസ് പിടികൂടി. ഹോട്ട് സ്‌പോട്ടിലെ വ്യക്തത കുറവിന്റെ പേരിൽ ചൊവ്വാഴ്ച പലർക്കും താക്കീത് നൽകി വിട്ടയിച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വിലക്ക് ലംഘിച്ച് നിരവധി വാഹനങ്ങൾ നഗരസഭ പരിധിയിൽ നിരത്തിലിറങ്ങിയതോടെ പൊലീസ് നഗരത്തിൽ നിലയുറപ്പിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തു. സാക്ഷ്യപത്രം ഇല്ലാത്തവരെയും ഹെൽമെറ്റും മാസ്കും ധരിക്കാതെ അനാവശ്യമായി നിരത്തിൽ വാഹനവുമായി ഇറങ്ങിയവരെയും പിടികൂടി. നൂറ്രിയമ്പതോളം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. വർക്കല നഗരസഭാ പ്രദേശത്ത് ഇളവുകൾ ഉണ്ടാവില്ലെന്നും നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും വർക്കല സി.ഐ ജി ഗോപകുമാർ അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും അത്യാവശ്യ യാത്രകൾക്ക് സത്യവാങ്മൂലം കൈയിൽ കരുതണമെന്നും അദ്ദേഹം അറിയിച്ചു.