വാഷിംഗ്ടൺ: അമേരിക്കയിൽ നടക്കേണ്ടിയിരുന്ന സ്ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ ടൂർണമെന്റ് ഉപേക്ഷിച്ചതായി സംഘാടകർ അറിയിച്ചു. വർഷങ്ങളായി ഇന്ത്യൻ - അമേരിക്കൻ വിദ്യാർത്ഥികളാണ് സ്‌പെല്ലിംഗ് ബീ മത്സരത്തിൽ മുന്നിട്ടു നിൽക്കുന്നത്. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇക്കൊല്ലത്തെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് മത്സരം ഉപേക്ഷിക്കുന്നത്. എലിമെന്ററി, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മത്സരം ഇനി 2021 ജൂൺ 1നാണ് നടക്കുക. അതേസമയം, ഇത്തവണ മത്സരത്തിലേക്ക് യോഗ്യത നേടിയ എട്ടാം ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത വർഷം മത്സരിക്കാനാകില്ല. മാർച്ച് 20നാണ് ഈ വർഷത്തെ ഫൈനൽ മത്സരം താത്കാലികമായി നിറുത്തി വച്ചിരിക്കുന്നതായി സംഘാടകർ ആദ്യം അറിയിച്ചത്.
ഏപ്രിലിലോ മേയിലോ ഫൈനൽ നടത്താമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനാലാണ് മത്സരം ഉപേക്ഷിക്കുന്നത്. 1925 മുതൽ അമേരിക്കയിൽ പ്രതിവർഷം നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരം രണ്ടാം ലോകമഹായുദ്ധ സമയമായ 1943 മുതൽ 1945 വരെയാണ് നടക്കാതിരുന്നത്.
കഴിഞ്ഞ വർഷം നടന്ന കടുത്ത ഫൈനൽ പോരാട്ടം സമനിലയിലവസാനിച്ചതോടെ എട്ട് പേരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. സ്പെല്ലിംഗ് ബീയുടെ ചരിത്രത്തിൽ ആദ്യമായാണ് എട്ടു പേരെ വിജയികളായി പ്രഖ്യാപിക്കുന്നത്. എട്ടു പേരിൽ ആറുപേരും ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളായിരുന്നു.