കോവളം: കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ലോക്ക് ഡൗൺ കാലം ഫലപ്രദമാക്കിയപ്പോൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു കൂട്ടരാണ് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ. എന്നാൽ അവരെയും ഒപ്പം ചേർത്ത് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിലാക്കി മാറ്റിയിരിക്കുകയാണ് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ ധന്യ. സ്‌കൂളിലെ 54 വിദ്യാർത്ഥികൾ വീടുകളിൽ അലസരാകാതിരിക്കാൻ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ ഒരുക്കി. മാതാപിതാക്കളുമായി അടുത്തിടപഴകുന്നത് കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുമെന്ന ഗവേഷകരുടെ പഠനങ്ങളാണ് ഈ ഒരു ആശയത്തിനു പിന്നിൽ. ഒാരോ വിദ്യാർത്ഥികളും വീടുകളിൽ മാതാപിതാക്കളെ സഹായിക്കുന്നതിനും അടുക്കളയിൽ രൂചിക്കൂട്ടുകൾ തീർക്കുന്നതിനും അവരവരുടെ കഴിവുകൾ ഗ്രൂപ്പിലൂടെ പങ്കുവയ്ക്കാനും നിർദ്ദേശിച്ചു. പെരിങ്ങമ്മല എ.പി റോഡിൽ ഗോമതി ഭവനിൽ നെയ്ത്തു തൊഴിലാളിയായ രവീന്ദ്രന്റെയും ചന്ദ്രികയുടെയും രണ്ടാമത്തെ മകൻ മുപ്പതുകാരനായ ബിജുലാലാണ് സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇപ്പോൾ മാതൃക. ഒാരോ വിദ്യാർത്ഥിയും ചെയ്ത കഴിവുകൾ ഗ്രൂപ്പിൽ ഇടം പിടിച്ചപ്പോൾ ബിജുവിന്റേത് വ്യത്യസ്തമായ രീതിയിൽ എല്ലാവർക്കും പ്രചോദനമാകുകയായിരുന്നു. ഇപ്പോൾ മറ്റു വിദ്യാർത്ഥികളും ഇത് അനുകരിച്ച്, ഉത്തരവാദിത്വമുള്ളവരായി മാറിയ സന്തോഷത്തിലാണ് ഇവരുടെ വീട്ടുകാർ.
ബിജുവിന്റെ ഒരു ദിവസം ഇങ്ങനെ
രാവിലെ ഉറക്കം ഉണർന്നാൽ യോഗ ചെയ്യുന്നതിനാണ് താല്പര്യം. അത് കഴിഞ്ഞാൽ സ്വന്തമായി തന്നെ സ്‌കൂൾ പ്രൻസിപ്പലിനെ വീഡിയോ കാൾ ചെയ്യും. കഴിഞ്ഞ ദിവസം ചെയ്ത പ്രവൃത്തികൾ പങ്കുവയ്ക്കും. തുടർന്ന് മറ്റു കാര്യങ്ങളിലേക്ക് കടക്കും. തുണികൾ ഭംഗിയായി അലക്കാനും അത് വെയിലത്ത് വിരിക്കാനും സമയം കണ്ടെത്തും. ഇതിനിടെ കുറച്ചു സമയം പാട്ടും കേൾക്കും. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' എന്ന ഗാനം ഇടയ്ക്കിടെ കേട്ടില്ലെങ്കിൽ ബിജുവിന് ഒരു ഉത്സാഹവും ഉണ്ടാകില്ല. തുടർന്ന് അമ്മയ്ക്ക് അടുക്കളയിലേക്കാവശ്യമായ വിറക് കീറി അടുക്കളിൽ എത്തിച്ചു നൽകും. പാത്രങ്ങൾ കഴുകാൻ അമ്മയെ സഹായിക്കും. അച്ഛന്റെയും സഹോദരൻ ബിനു ലാലിന്റെ വാഹനങ്ങൾ കഴുകാനും സമയം കണ്ടെത്തും. കൂടാതെ വീട്ടുമുറ്റത്ത് സ്വന്തമായി തീർത്ത പച്ചക്കറിത്തോട്ടത്തിൽ പകൽ സമയം വ്യാപൃതനായിരിക്കും. മാത്രമല്ല മുറ്റം അടിക്കാനും തറ തുടയ്ക്കാനും അമ്മയ്ക്ക് ഒപ്പം കൂടും. മകന്റെ ഈ മാറ്രത്തിൽ കുടുംബാംഗങ്ങളും ഏറെ സന്തുഷ്ടരാണ്.