general

ബാലരാമപുരം: ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ വായനയുടെ വാതായനങ്ങൾ തുറന്നിരിക്കുകയാണ് പള്ളിച്ചൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി. ഗ്രന്ഥശാല നേതൃസമിതി കൺവീനറും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ എം. മഹേഷ് കുമാർ ആവിഷ്കരിച്ച 'എന്റെ വീട് എന്റെ വായന' പദ്ധതി ജില്ലയിലെ ഗ്രന്ഥശാലകളെല്ലാം തന്നെ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്. പള്ളിച്ചൽ പഞ്ചായത്തിലെ 12 ഗ്രന്ഥശാലകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. ലോക്ക് ഡൗൺ വന്നതോടെ മറ്റ് ഗ്രന്ഥശാലകളിലും പദ്ധതി സജീവമായി. നാളിതുവരെ വരാത്തവർ പോലും ഗ്രന്ഥശാലയിൽ ഉപഭോക്താക്കളായെന്ന് സന്മാർഗപ്രദായിനി ഗ്രന്ഥശാല സെക്രട്ടറി നരുവാമൂട് രാമചന്ദ്രൻ പറഞ്ഞു. കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലയിൽ സാംസ്കാരിക വകുപ്പിന്റെ കലാപഠന കേന്ദ്രത്തിന്റെ പഠനവും ഓൺലൈൻ വഴി നൽകുകയാണ്. കേരളനടനം,​ സംഗീതം,​ ചിത്രരചന,​ ശില്പനിർമ്മാണം എന്നിവയിലാണ് പരിശീലനം. ടൈംടേബിൾ പ്രകാരം അദ്ധ്യാപകർ ഓൺലൈനിൽ വിദ്യാർത്ഥികൾക്ക് മുന്നിലെത്തും. പള്ളിച്ചൽ പഞ്ചായത്ത് നേതൃസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ,​ പ്രമോദിനി തങ്കച്ചി,​ ഭഗവതിനട സുന്ദർ,​ സുജിത്ത് നവപ്രഭ,​ സനിൽകുമാർ,​ ചിത്രദാസ്,​ പ്രശാന്ത് ജയ് ഹിന്ദ്,​ അനിൽ വിദ്യാദീപം,​ സി. ജിഷ്ണുകുമാർ,​രഞ്ചിത്ത് വി.എം,​ എൻ.ഡി. രാമചന്ദ്രൻ നായർ, ​പള്ളിച്ചൽ സുനിൽ എന്നിവർ 'എന്റെ വീട് എന്റെ വായനപദ്ധതിക്ക് നേതൃത്വം നൽകുന്നു. എന്റെ കൗമുദി പദ്ധതി പ്രകാരം ഗ്രന്ഥശാലകളിലെല്ലാം കേരളകൗമുദി പത്രവും ലഭ്യമാക്കിയിട്ടുണ്ട്.

കുതിര വണ്ടിയിലെ വായനശാല

സി.പി.ഐ വടക്കേവിള ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കുതിരവണ്ടിയിലെ വായനശാലയും ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. സഞ്ചരിക്കുന്ന കുതിരവണ്ടിയിൽ വീടുകളിൽ പുസ്തകം എത്തിച്ച് വായനയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. വായിച്ച പുസ്തകങ്ങളുടെ മികച്ച കുറിപ്പുകൾക്ക് സമ്മാനവും നൽകും. കമ്മ്യൂണിറ്റി കിച്ചണിൽ മികച്ച രീതിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയവരെ എം.എൽ.എ ആദരിച്ചു. സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റംഗം ശ്രീകണ്ഠൻ നായർ,​ ഭുവനചന്ദ്രൻ,​ സുരേഷ് മിത്ര,​ബ്രാഞ്ച് സെക്രട്ടറി ഗോപി, സന്തോഷ്,​ ശിവപ്രസാദ്,​ മാഹീൻ എന്നിവർ സംബന്ധിച്ചു.